തിരുവനന്തപുരം: തന്റെ സ്വകാര്യവാഹനം ഓടിക്കാന്‍ വിസമ്മതിച്ച പ്യൂണ്‍ എല്ലാ ദിവസവും കോടതിമുറിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ശിക്ഷ ഒഴിവാക്കി. ദിവസവും നടപടികള്‍ അവസാനിക്കുന്നതുവരെ കോടതിയുടെ കോണില്‍ നില്‍ക്കാനായിരുന്നു നിര്‍ദേശം
ജൂണ്‍ 30-ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശി രാമകൃഷ്ണനോടാണ് തന്റെ സ്വകാര്യ കാര്‍ കോടതിയില്‍ ഓടിച്ചുകൊണ്ടുവരാന്‍ ജഡ്ജി നിര്‍ദേശിച്ചത്. ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മുന്‍പ് അപകടം നടന്നതിനാല്‍ കാര്‍ ഓടിക്കാന്‍ ഭയമുണ്ടെന്നും രാമകൃഷ്ണന്‍ ജഡ്ജിയെ അറിയിച്ചു.
അപ്പോള്‍ ദിവസവും രാവിലെ 8.30-ന് തന്റെ വീട്ടിലെത്തി അവിടെയുള്ള ബ്രീഫ്കേയ്സ് കോടതിയില്‍ എത്തിക്കണമെന്നായി ജഡ്ജി. അര്‍ബുദരോഗിയായ അമ്മയ്ക്ക് താനല്ലാതെ മറ്റാരും സഹായത്തിനില്ലെന്നും ദിവസവും രാവിലെ ജഡ്ജിയുടെ വീട്ടില്‍ ചെന്നാല്‍ 250 രൂപ വീതം ചെലവാകുമെന്നും രാമകൃഷ്ണന്‍ പറഞ്ഞതോടെ ജഡ്ജി പ്രകോപിതനായി നില്‍പ്പ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരേയാണ് കോടതി ജീവനക്കാരുടെ സംഘടന ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചത്