മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ. സുധാകരന്‍. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസല്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാന്‍ പോകുന്ന ഏറ്റവുംവലിയ തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. യുഡിഎഫിന്റെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് എത്തിച്ചത്. ഇടതുപക്ഷ സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഈ ഉപതിരഞ്ഞെടുപ്പ്. വരാന്‍പോകുന്ന തിരഞ്ഞെടുപ്പിലും ഇതേ തിരിച്ചടി ഇടതുപക്ഷത്തിന് ലഭിക്കും.
നാണവും മാനവും ഉളുപ്പും ഇല്ലാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി
. ഈ സര്‍ക്കാരിനെതിരെ വിമര്‍ശനവും വിദ്വേഷവും വെച്ചുപുലര്‍ത്തുന്ന സിപിഎം പ്രവര്‍ത്തകരെപ്പോലും തനിക്കറിയാം. കൊള്ളയടിച്ച പണം മക്കളുടെയും മരുമക്കളുടെയും അക്കൗണ്ടുകളിലേക്ക് പോവുകയാണ്. നാണവും മാനവും ഉളുപ്പും ഇല്ലാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പണ്ട് കണ്ട പിണറായി വിജയനെയല്ല ഇപ്പോള്‍ കാണാനാവുന്നത്. അന്നുകണ്ട പിണറായി വിജയന് കുറച്ച് മാനാഭിമാനമൊക്കെ ഉണ്ടായിരുന്നു. ഇക്കാലത്ത് മാനാഭിമാനംപോലും നഷ്ടപ്പെട്ട ഒരു നേതാവായാണ് താൻ പിണറായി വിജയനെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു