ചുങ്കത്തറ : രൂക്ഷമായ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ചുങ്കത്തറ പഞ്ചായത്തിലെ അമ്പലപൊയിൽ നിവാസികൾ. വർഷങ്ങളായി ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അടുത്തിടെയാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. പകല്‍ സമയങ്ങളില്‍ പോലും പൂച്ചക്കുത്ത് വനത്തില്‍ നിന്ന് ഒറ്റയായും കൂട്ടമായുമെത്തുന്ന കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഭീതിപരത്തുകയാണ്.
മെയ്മാസം 17 ന് ശനിയാഴ്ച രാത്രി പതിനൊന്നോടെ കാടിറങ്ങിയെത്തിയ ആനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ വ്യാപക കൃഷിനാശമാണ് വരുത്തിയത്. അമ്പലപ്പൊയിലിലെ കാവനാല്‍ ശശിധരൻ, കെ.ജി. രാജേന്ദ്രൻ, പി.ആർ. സുഭാഷ് എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, വാഴ എന്നിവയെല്ലാം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.ജനവാസ കേന്ദ്രത്തിലെത്തിയ കുട്ടി ഉള്‍പ്പെടെയുള്ള കാട്ടാനകള്‍ ചിന്നം വിളിച്ചും കൃഷി നശിപ്പിച്ചും ഏറെ നേരം ഭീതി പരത്തി. ഒടുവില്‍ 12 മണിയോടെ നാട്ടുകാർ ബഹളം വച്ചും മറ്റുമാണ് ആനകളെ കാടുകയറ്റിയത്.
ഫെൻസിംഗ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ
കാട്ടാനശല്യം ചെറുക്കാൻ വനാതിർത്തിയില്‍ സ്ഥാപിച്ച ഫെൻസിംഗ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. അറ്റകുറ്റപണി നടത്തി വേലി പ്രവർത്തന സജ്ജമാക്കണമെന്ന് നിരവധി തവണ ആശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.കൃഷിയിടങ്ങള്‍ക്ക് ചുറ്റും കർഷകർ സ്വന്തം നിലക്ക് സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് ഇപ്പോള്‍ കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകുന്നില്ല.
രാപകല്‍ ഭേദമില്ലാതെ വനാതിർത്തിയില്‍ നിലയുറപ്പിക്കുന്ന കാട്ടാനകളെ ഭയന്ന് ടാപ്പിംഗ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ജോലിയെടുക്കാൻ ബുദ്ധിമുട്ടുകയാണ്. സന്ധ്യയായാല്‍ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. കാട്ടാനശല്യം ചെറുക്കുന്നതിന് ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. കൃഷിനാശം നേരിട്ട പ്രദേശം കാഞ്ഞിരപ്പുഴ സെക്ഷനിലെ വനപാലക സംഘം സന്ദർശിച്ചു