ലക്നോ: ഉത്തർപ്രദേശില്‍ ജീവനൊടുക്കാൻ കനാലിലേക്ക് ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. അങ്കിത് തോമർ ആണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധർ ചെളി നിറഞ്ഞ കനാലില്‍ നിന്ന് അങ്കിതിനെ പുറത്തെടുത്ത ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.ഗാസിയാബാദിലെ ഹിൻഡണ്‍ കനാലിലാണ് യുവതി ചാടിയത്.
ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്നാണ് യുവതി കനാലിൽ ചാടിയത്.
മെയ് 17 ശനിയാഴ്ച രാവിലെ വൈശാലി സെക്ടർ രണ്ടിലെ താമസക്കാരിയായ ആരതി (23) ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്നാണ് കനാലിലേക്ക് ചാടിയത്. ഈ സമയം സബ് ഇൻസ്പെക്ടർ ധർമേന്ദ്രയും കോണ്‍സ്റ്റബിള്‍ അങ്കിത് തോമറും സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു.
ആരതിയെ രക്ഷിക്കാൻ അങ്കിത് തോമറും ധർമേന്ദ്രയും കനാലിലേക്ക് ചാടി. നിരവധി വഴിയാത്രക്കാരും രക്ഷാപ്രവർത്തനത്തില്‍ പങ്കുചേർന്നിരുന്നു. ആരതിയെ രക്ഷിച്ച് കനാലില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും അങ്കിതും ധർമേന്ദ്രയും കനാലിലെ ചെളിയില്‍ കുടുങ്ങി.
ധർമേന്ദ്ര ഒരു വിധം കനാലില്‍ നിന്ന് പുറത്തുവന്നുവെങ്കിലും അങ്കിതിന് രക്ഷപെടാനായില്ല. ഏറെ സമയത്തിന് ശേഷം ഇയാളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.