ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് വിചാരണ നീട്ടണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഡോ. കെ. പ്രതിഭയാണ് ഇത് സംബന്ധിച്ച് പരാതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയത്. പ്രതിഭാഗത്തിന്റെ അഭിഭാഷകൻ മരണപ്പെട്ട സാഹചര്യത്തിൽ പ്രതിയ്ക്ക് അഭിഭാഷകനെ ഹാജരാക്കുവാൻ കൂടുതൽ സമയം വേണമെന്ന് പ്രതി സന്ദീപ് കഴിഞ്ഞ ഒൻപതാം തീയതി വിചാരണ നടക്കുന്ന കൊല്ലം അഡി. ജില്ലാ സെഷൻ കോടതി I മുമ്പാകെ ആവശ്യപ്പെട്ടിരുന്നു .

പ്രതിഭാഗത്തിന്റെ അഭിഭാഷകൻ മരിച്ചുവെന്ന കാരണത്തിന്റെ മറവിൽ കേസിന്റെ വിചാരണ നീട്ടി കൊണ്ട് പോകുവാൻ പ്രതി ആസൂത്രിത നീക്കം നടത്തുന്നത് തടയണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഇത് സംബന്ധിച്ച് ഡോ. കെ. പ്രതിഭ നൽകിയ പരാതിയിൽ ഉള്ളത്. കേസിന്റെ അടുത്ത ഹിയറിങ് ഈ മാസം 23-ന് (മെയ്) നടക്കുമ്പോൾ വിചാരണ നീട്ടണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ സർക്കാർ ഭാഗത്തെ കൊണ്ട് എതിർക്കുവാൻ ആവശ്യമായ തുടർ നടപടി വേണമെന്നാണ് ഡോ. കെ. പ്രതിഭ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് അറിയപ്പെടുന്ന ആരോഗ്യ പ്രവർത്തകയായ ഡോ. കെ . പ്രതിഭ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറാണ്. വീട്ട് പ്രസവത്തിനെതിരെ ആവശ്യമായ ബോധവൽക്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊണ്ട് നടത്തിപ്പിക്കുന്നതിന് നിലവിൽ നിർദ്ദേശം സർക്കാർ തലത്തിൽ ഇപ്പോൾ ഉണ്ടായത് ഡോ. കെ. പ്രതിഭ ചീഫ് സെക്രെട്ടറിയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്. കസ്റ്റഡി മർദ്ദനങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധന ഡോക്ടർമാർക്ക് ഉറപ്പാക്കി കൊണ്ടുള്ള മെഡിക്കോ ലീഗൽ പ്രോട്ടോകോൾ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചതും ഡോ. കെ. പ്രതിഭയുടെ നിയമ പോരാട്ടത്തെ തുടർന്നായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →