കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്.
നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. ചില ചാനലുകള്‍ ഭാരം തൂക്കി കൊണ്ടിരിക്കുകയാണ്. പാര്‍ടി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പി വി അന്‍വര്‍ അറിയിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും എന്നാണ്. ആദ്യഘട്ടത്തിലാണ് അദ്ദേഹം വി എസ് ജോയിയുടെ പേര് പറഞ്ഞത്.
അധികാരത്തില്‍ വന്നാല്‍ പത്ത് മിനിറ്റില്‍ മുനമ്പം പ്രശ്‌നം പരിഹരിക്കും
മുനമ്പത്തെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക് കോളേജ് മാനേജ്‌മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോര്‍ഡാണ് വിഷയത്തില്‍ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താന്‍ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരിയെന്നും അധികാരത്തില്‍ വന്നാല്‍ പത്ത് മിനിറ്റില്‍ പ്രശ്‌നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. .
