വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി: വാദം നാളെ തുടരും

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. വഖ്ഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള വിവിധ സംഘടനകളുടെ ഹരജികളില്‍ സുപ്രീം കോടതി നിർദേശിച്ചു. വാദം കേൾക്കൽ ഏപ്രിൽ 17 ന് ഉച്ചക്ക് വീണ്ടും തുടരും. .

മൂന്ന് നിർദേശങ്ങളാണ് കോടതി ഇന്ന് (ഏപ്രിൽ 16) മുന്നോട്ടുവെച്ചത്.

1- കോടതികൾ വഖ്ഫ് സ്വത്തായി പ്രഖ്യാപിച്ചവ, അത് ഉപയോഗം വഴി വഖ്ഫ് (waqf-by-user) ആയതാണെങ്കിലും രേഖാമൂലമുള്ള വഖ്ഫ് സ്വത്ത് ആണെങ്കിലും, വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ കോടതി വാദം കേൾക്കുന്ന കാലയളവിൽ വഖ്ഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നതാണ് പ്രധാന നിർദേശം.

2-കലക്ടർ ഒരു സ്വത്ത് സർക്കാർ ഭൂമിയാണോ എന്ന് അന്വേഷിക്കുന്ന കാലയളവിൽ ആ സ്വത്തിനെ വഖ്ഫ് സ്വത്തായി കണക്കാക്കില്ല എന്ന ഭേദഗതിയിലെ വ്യവസ്ഥയും ഇപ്പോൾ നടപ്പാക്കരുതെന്നും കോടതി നിർദേശിച്ചു.

3-വഖ്ഫ് ബോർഡുകളിലെയും സെൻട്രൽ വഖ്ഫ് കൗൺസിലിലെയും എക്സ്-ഓഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും ഇസ്‍ലാം മതവിശ്വാസികൾ ആയിരിക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. ഹിന്ദു ബോർഡുകളിൽ മുസ്ലിംകളെ ഉൾപ്പെടുത്തുമോയെന്ന് സുപ്രീം കോടതി ആരാഞ്ഞു..

കേന്ദ്ര സര്‍ക്കാറിൻ്റെ വാദം കൂടി കേട്ട ശേഷം ഹർജികളിൽ അന്തിമ വിധി പുറപ്പെടുവിക്കും

17 വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാറിൻ്റെ വാദം കൂടി കേട്ട ശേഷം ഹർജികളിൽ അന്തിമ വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹരജികൾ പരിഗണിക്കന്നത്. ഇന്ന് ഉച്ചയോടെയാണ് സുപ്രീം കോടതി കേസിൽ വാദം കേള്‍ക്കല്‍ തുടങ്ങിയത്. ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആചാരമാണ് വഖ്‌ഫെന്നും പാര്‍ലിമെന്ററി നിയമത്തിലൂടെ മതാചാരത്തില്‍ ഇടപെട്ടെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ വാദിച്ചു. ആദ്യം തന്നെ കപില്‍ സിബലാണ് വാദിച്ചു തുടങ്ങിയത്.

ഒരു മതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഭേദഗതി നിയമമെന്ന് കപിൽ സിബൽ വാദിച്ചു..

സംരക്ഷിത സ്മാരകങ്ങള്‍ സംരക്ഷിക്കാനാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര വഖ്ഫ് കൗണ്‍സിലിന്റെ എല്ലാവരും നേരത്തേ മുസ്ലിംകളായിരുന്നെന്നും പിന്നെയെന്തിനാണ് വഖ്ഫ് കൗണ്‍സിലിലേക്ക് മുസ്ലിം ഇതര വിഭാഗങ്ങളെ കയറ്റിയതെന്നും കപില്‍ സിബല്‍ ചോദിച്ചു. മറ്റ് മത സ്ഥാപനങ്ങളിലെല്ലാം അതത് വിഭാഗങ്ങളിലുള്ളവരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഒരു മതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഭേദഗതി നിയമം. എല്ലാ വഖ്ഫ് ഭൂമിയും രജിസ്റ്റർ ചെയ്യണമെന്ന നിയമം.എന്തിനാണ് കൊണ്ടുവരുന്നതെന്നും ഇതുവഴി വർഷങ്ങളായുള്ള സ്വത്തുക്കളിൽ നിരവധി തടസ്സങ്ങൾ നേരിടുമെന്നും കപിൽ സിബല്‍ ചൂണ്ടിക്കാട്ടി. മതപരമായ ആചാരങ്ങള്‍ ഭരണഘടനാ അവകാശമാണ്. വഖ്ഫ് ഭേദഗതിയിലൂടെ അനുഛേദം 26ന്റെ ലംഘനമാണ് നടത്തിയതെന്നും കപില്‍ സിബല്‍ വാദിച്ചു.

വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് 130ലേറെ ഹർജികൾ

ഈ മാസം ആദ്യവാരം പാര്‍ലിമെന്റ് പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് 130ലേറെ ഹരജികളാണ് സുപ്രീം കോടതിയിലെത്തിയത്. മുസ്ലിം സംഘടനകള്‍, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി പി എം, സി പി ഐ, ആം ആദ്മി തുടങ്ങി നിരവധി കക്ഷികള്‍ ഹർജി നല്‍കിയിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →