ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരണ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അസം, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കരുത് എന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ആവശ്യം . പാർലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങൾ റദ്ദാക്കുന്നതല്ലെന്നും സംസ്ഥാനങ്ങൾ വാദിക്കുന്നു.
വിവിധ ഹർജികൾ ഏപ്രിൽ 17 ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും
വഖഫ് സ്വത്തുക്കളുടെ ഭരണം സുതാര്യമാക്കുകയും വഖഫ് ബോർഡുകളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ ലക്ഷ്യമെന്നാണ് ബിജെപി സർക്കാരുകൾ സുപ്രീം കോടതിയിൽ ഫയൽചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുകൊണ്ടുള്ള വിവിധ ഹർജികൾ ഏപ്രിൽ 17 ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാരുകൾ കക്ഷിചേരൽ അപേക്ഷ ഫയൽചെയ്തത്