തിരുവനന്തപുരം : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സത്യൻ സ്മാരകത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക ചിന്തകരും പങ്കെടുത്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ അദ്ധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല വിഷയം അവതരിപ്പിച്ചു. പ്രൊഫ. ജി. ബാലചന്ദ്രൻ, ബി.എസ്. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു സ്വാഗതവും ഡി.സി.സി പ്രസിഡന്റ് പാലോട് രവി നന്ദിയും പറഞ്ഞു.
ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് വി.ഡി.സതീശൻ
സെമിനാർ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹികമാറ്റത്തിന് ഉത്തേജനം പകർന്ന ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് പറഞ്ഞു. മുൻ മന്ത്രി സി. ദിവാകരൻ, ഗാന്ധിയെക്കാള്‍ വലിയയാള്‍ സർദാർ വല്ലഭായി പട്ടേലാണെന്ന രാഷ്ട്രീയമുയരുന്നുണ്ടെന്നും, അത് അപകടകരമായ രാഷ്ട്രീയമാണെന്നും അഭിപ്രായപ്പെട്ടു. കേരള ജനത ഗുരുദേവനോട് നീതി പുലർത്തിയിട്ടുണ്ടോയെന്ന ചോദ്യം ദിവാകരൻ ഉന്നയിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനല്ല വിശ്വപൗരൻ
ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനല്ല വിശ്വപൗരനെന്നും, അയാള്‍ അതാരായാലും ഒരിക്കലും വിശ്വപൗരനാവില്ലെന്നും മുൻ മന്ത്രി ജി. സുധാകരൻ,പറഞ്ഞു. എവിടെങ്കിലും രണ്ട് രാജ്യങ്ങളില്‍ അംബാസഡറായിക്കഴിഞ്ഞാല്‍ വിശ്വപൗരനെന്ന സ്ഥാനം കൊടുക്കുന്നത് തെറ്റായ കാര്യമാണെന്നും, ശമ്പളത്തിനും പദവിക്കും വേണ്ടിയാണ് അവർ ജോലിയെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെഹ്രുവും ഡോ. രാധാകൃഷ്ണനും ടാഗോറുമൊക്കെ വിശ്വപൗരന്മാരായിരുന്നു. മഹാത്മജിയും ശ്രീനാരായണഗുരുവും അതേപോലെ വിശ്വപൗരന്മാരായിരുന്നു. മലയാളം പോലൊരു ചെറിയ ഭാഷ സംസാരിച്ചിരുന്നതിനാലാണ് ശ്രീനാരായണഗുരുവിനെ അക്കാലത്ത് വേണ്ടപോലെ ലോകം അറിയപ്പെടാതെ പോയത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഒരു തുള്ളി രക്തം ചിന്താതെയാണ് ഗുരു മാറ്റത്തിന് വേണ്ടി പ്രവർത്തിച്ചത്. ചരിത്രം എഴുതിയവരുടെ മുന്നില്‍ അദ്ദേഹം താഴ്ന്ന ജാതിക്കാരനായതിനാല്‍ അവർ വേണ്ടപോലെ എഴുതിയില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഇതില്‍ പ്രവർത്തിക്കാൻ തുടങ്ങിയത് തന്നെ സത്യം പറയാനാണ്.
“രാഷ്ട്രീയക്കാരനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്നാണ് വന്നിരിക്കുന്നത്. പക്ഷെ നമ്മള്‍ ഇതില്‍ പ്രവർത്തിക്കാൻ തുടങ്ങിയത് തന്നെ സത്യം പറയാനാണ്. ഒരു പാർട്ടിക്കാരുടെ കാര്യമല്ല, എല്ലാ പാർട്ടിക്കാരുടെയും കാര്യമാണിത്,” എന്നും സുധാകരൻ കൂട്ടിച്ചേർത്തു