തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതായി ആരോപണം : മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച്‌ മാദ്ധ്യമപ്രവർത്തകർ അറസ്റ്റില്‍. മുതിർന്ന മാദ്ധ്യമപ്രവർത്തക രേവതി പൊഗദാദന്തയും ഇവരുടെ സഹപ്രവർത്തക തൻവി യാദവുമാണ് അറസ്റ്രിലായത്. ഇന്നലെ (12.03.2025) പുലർച്ചെ ഹൈദരാബാദിലെ ഇവരുടെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവർത്തകർ നല്‍കിയ പരാതിയിലാണ് അറസ്റ്റ്

കോണ്‍ഗ്രസ് ഭരണത്തിൻ കീഴിലുള്ള കഷ്ടപ്പാടുകളെക്കുറിച്ച്‌ ഒരു കർഷകൻ സംസാരിക്കുന്നതിന്റെ വീഡിയോ യൂട്യൂബ് ചാനലിലും സമൂഹ മാദ്ധ്യമങ്ങളിലും മാദ്ധ്യമപ്രവർത്തകർ പങ്കുവച്ചതാണ് വിവാദമായത്. കർഷകൻ രേവന്ത് റെഡ്ഡിക്കും സർക്കാരിനുമെതിരെ പറയുന്നുണ്ട്. ഈ വീഡിയോ എക്സില്‍ പങ്കുവച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകർ നല്‍കിയ പരാതിയില്‍ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കേസെടുക്കുകയായിരുന്നു.

യൂട്യൂബ് ചാനലിന്റെ ഓഫീസ് സീല്‍ ചെയ്തു.

ബുധനാഴ്ച പുലർച്ചെ നാലോടെയാണ് രേവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ വീഡിയോ രേവതി പങ്കുവച്ചിരുന്നു. യൂട്യൂബ് ചാനലിന്റെ ഓഫീസ് സീല്‍ ചെയ്തു. രേവതിയുടെയും ഭർത്താവ് ചൈതന്യയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പൊലീസ് എന്റെ വാതിലിനരികെ എന്ന അടിക്കുറിപ്പോടെ രേവതി സമൂഹ മാദ്ധ്യമത്തില്‍ വീഡിയോ പങ്കിട്ടു. അവരെന്നെ കൊണ്ടുപോകും. രേവന്ത് റെഡ്ഡി എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും അവർ കുറിച്ചു. അറസ്റ്റിനെ ത്തുടർന്ന് സംസ്ഥാനത്ത് വൻ പ്രതിഷേധമാണ്. സംഭവത്തെ അപലപിച്ച ബി.ആർ.എസ് നേതാക്കള്‍ സർക്കാരിന്റേത് സ്വേച്ഛാധിപത്യമാണെന്ന് പറഞ്ഞു.

ഒരു കർഷകൻ തന്റെ കഷ്ടപ്പാടിനെക്കുറിച്ചു പറയുന്നതിന് മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് സ്വേച്ഛാധിപത്യമാണ്. ഇത് കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥ കാലത്തെ നടപടികള്‍ ഓർമ്മിപ്പിക്കുന്നുവെന്ന് ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു പറഞ‍‍്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →