തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ നിന്ന് സ്ഥിരമായി മദ്യം മോഷ്ടിക്കുന്നയാളെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസ് (45) ആണ് പിടിയിലായത്. പോട്ടയ്ക്കു സമീപം പഴയ ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് മോഷണം നടന്നത്. കുറച്ച് നാളുകളായി ഈ മോഷണങ്ങൾ തുടരുകയാണെന്ന് ജീവനക്കാർ മനസിലാക്കി .
.
വിവിധ സന്ദർഭങ്ങളിലായി അഞ്ചു ലിറ്ററോളം മദ്യം മോഷ്ടിച്ചിരുന്നതായി കണ്ടെത്തി
പ്രീമിയം കൗണ്ടറിൽ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാർക്കു സംശയം തോന്നിയതിനെ തുടർന്ന് നിരീക്ഷണ ക്യാമറ പരിശോധിച്ചു. പതിവായി മുണ്ടുടുത്ത് വരുന്ന ഒരാളെ കണ്ടതോടെ സംശയം ശക്തമായി.കഴിഞ്ഞ ദിവസം പ്രതി നാല് തവണ പ്രീമിയം കൗണ്ടറിൽ എത്തി. അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കിൽ നിന്ന് എടുത്ത് ആരും ശ്രദ്ധിക്കാതെ മുണ്ടിനുള്ളിൽ ഒളിപ്പിക്കുകയും, പിന്നീട് വിലകുറഞ്ഞ ബിയർ കുപ്പിയെടുത്ത് പണം നൽകി കടന്നു പോകുകയുമായിരുന്നു ഇയാളുടെ രീതി. ഈ തന്ത്രം ജീവനക്കാർക്ക് മനസ്സിലായതോടെ, പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നേരത്തെ, ഇയാൾ വിവിധ സന്ദർഭങ്ങളിലായി അഞ്ചു ലിറ്ററോളം മദ്യം മോഷ്ടിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്