തിരുവനന്തപുരം :കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്)ക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നൽകിയിരിക്കുന്നത്. ബജറ്റിൽ 679 കോടി രൂപ വകയിരുത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ കാസ്‌പിനായി 4267 കോടിയോളം രൂപ ഇതിനകം നൽകിക്കഴിഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തേക്ക് 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
എന്താണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്)
കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടുന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതി നടത്തിപ്പ് ചുമതല വഹിക്കുന്നത്. ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയം 1050 രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, 18.02 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സംസ്ഥാന സർക്കാർ പൂർണ്ണമായും വഹിക്കുന്നു. 23.97 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയത്തിൽ 418.80 രൂപ സംസ്ഥാനം വഹിക്കുന്നതും ബാക്കിയുള്ളത് കേന്ദ്രം വഹിക്കുന്നതുമാണ്.
പദ്ധതിയുടെ ആനുകൂല്യങ്ങൾ:
കുടുംബാംഗങ്ങളുടെ എണ്ണം, പ്രായപരിധി എന്നിവയെ പരിഗണിക്കാതെ പദ്ധതി അംഗത്വം നൽകുന്നു. ഒരൊറ്റ വ്യക്തിക്കും മുഴുവൻ കുടുംബത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അംഗത്വത്തിന് ഫീസ് ഇല്ല; സേവനം പൂർണ്ണമായും സൗജന്യമാണ്.197 സർക്കാർ ആശുപത്രികളും, 4 കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ആശുപത്രികളിലും പണമീടാക്കാതെ ചികിത്സ ലഭിക്കും. ഇതിൽ മരുന്നുകൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജ്, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജ് എന്നിവ ഉൾപ്പെടുന്നു.
ചികിത്സാ സേവനങ്ങൾ:
25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ നിർദിഷ്ട 89 പാക്കേജുകളിൽ നിന്നുമുള്ള ചികിത്സ സൗജന്യമാണ്. പാക്കേജുകളിൽ ഉൾപ്പെടാത്ത ചികിത്സയ്ക്കായി അണ്‍സ്‌പെസിഫൈഡ് പാക്കേജുകളും ഉപയോഗിക്കാം. ആശുപത്രിയിൽ പ്രവേശിക്കേണ്ടതായാൽ പ്രവേശനത്തിന് 3 ദിവസം മുമ്പുമുതലുള്ള ചെലവും ഡിസ്ചാർജിനുശേഷം 15 ദിവസത്തേക്ക് മരുന്നുകളും (ഡോക്ടറുടെ നിർദേശപ്രകാരം) പദ്ധതിയിലൂടെ ലഭിക്കും.
കൂടുതൽ ആനുകൂല്യങ്ങൾ:
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കുന്നതിന് കാരുണ്യ ബെനവലന്റ് ഫണ്ട് (കെ.ബി.എഫ്.) എന്ന പദ്ധതിയും നിലവിലുണ്ട്. ഇതിൽ, കുടുംബങ്ങൾക്ക് ഒരിക്കൽ മാത്രം 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭ്യമാകുന്നു. കാസ്‌പ് ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രികളിലും കെ.ബി.എഫ് ആനുകൂല്യവും ലഭിക്കും