ന്യൂ ഡൽഹി : മണിപ്പുർ മുഖ്യമന്ത്രി രാജിവച്ചു . ഇന്നു രാവിലെ(ഫെബ്രുവരി 9) ഡല്‍ഹിയില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കുപിന്നാലെയാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ രാജി. ഇന്നു വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മറ്റു മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു.
നാളെബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രാജി
മണിപ്പൂരില്‍ നാളെ(ഫെബ്രുവരി 10) ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജി വെച്ചത്. ബിരേൻ സിങിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ കുക്കി വിഭാഗം എംഎല്‍എമാർ ബിജെപി കേന്ദ്ര നേതൃത്തെ സമീപിച്ചിരുന്നു. കൂടാതെ കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളും ബിരേൻ സിങിനെ മാറ്റണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ബിരേൻ സിങിനെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.