മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ഇരുചക്ര വാഹന തട്ടിപ്പ് കേസില്‍ റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി പോലിസ് കേസ് രജിസ്റ്റർ ചെയ്തു.സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാനാണ് ആനന്ദ കുമാര്‍. വലമ്പൂര്‍ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.
2 കോടിരൂപ സായി ഗ്രാമം ഗോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് നല്‍കി
കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നിന്ന് 2 കോടി സായി ഗ്രാമം ഗോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് നല്‍കിയെന്ന് അനന്തു നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങള്‍ക്ക് മുന്നിലും അനന്തു ആവര്‍ത്തിച്ചു. രാഷ്ട്രീയക്കാര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആര്‍ക്കെല്ലാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ആനന്ദകുമാറിന് പണം നല്‍കിയെന്നത് വ്യക്തമായെന്ന് അന്വേഷണസംഘം അറിയിച്ചു.
അനന്തുകൃഷ്ണന്റെ അറസ്റ്റിനു പിന്നാലെ സ്ഥാപനം പൂട്ടിയ നിലയിൽ
സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണന്‍ രൂപീകരിച്ചിരുന്നു.കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്‌നര്‍ ഷിപ്പ് കമ്പനിയാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്റെ മറവില്‍ മാത്രം കോടികള്‍ അനന്തുകൃഷ്ണന്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് പോലിസ് അനുമാനം. അനന്തുകൃഷ്ണന്റെ അറസ്റ്റിനു പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്