ന്യൂഡൽഹി : തെലങ്കാനയിൽ ജാതി സെൻസസ് പൂർത്തീകരിച്ചതിന് തൊട്ടു പിന്നാലെ വിവിധ ജാതിക്കാരും പിന്നോക്ക പട്ടികജാതി വിഭാഗങ്ങളിലെ അതീവ പിന്നോക്കമുള്ള ജാതിക്കാരും അവരുടേതായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് രാജ്യത്ത് മുഴുവൻ നടത്തണമെന്ന് ആവശ്യപ്പെടുകയും തെലങ്കാനയിൽ അത് നടപ്പാക്കുകയും ചെയ്ത കോൺഗ്രസിന് രാഷ്ട്രീയമായി പുതിയ വെല്ലുവിളികൾ രൂപപ്പെടുകയാണ്. സെൻസസിൽ കണ്ടെത്തിയ അതീവ പിന്നോക്കാവസ്ഥയിൽ എന്ന വിഭാഗങ്ങൾ കൂടുതൽ സംവരണ വിഹിതം ആവശ്യപ്പെട്ടുകൊണ്ട് തിരിഞ്ഞിരിക്കുന്നത് സെൻസസ് നടത്തിയ സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും ആയി മാറി എന്ന വിരോധാഭാസം ഉണ്ട്.
പട്ടിക വിഭാഗക്കാരിൽ നിന്നും ആദ്യ പ്രക്ഷോഭം
ജാതി സെൻസസിൽ പട്ടികജാതിക്കാരിലെ ചില വിഭാഗക്കാർ മുന്നോക്ക സ്ഥിതി കൈവരിച്ചതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗങ്ങളെ തുടർന്നും സംവരണത്തിന്റെ പരിഗണനയിൽ നിർത്തി കൊണ്ടുപോകുന്നതിനെതിരെ പട്ടികജാതിക്കാരിലെ ഏറ്റവും പിന്നോക്ക വിഭാഗക്കാരായ ജാതിക്കാർ സമരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പട്ടികജാതികളിലെ ഏറെ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗത്തിന്റേതാണ് പ്രക്ഷോഭം. ഇപ്പോൾ 9% ആണ് മാഡിക വിഭാഗക്കാർക്ക് സംവരണം ഉള്ളത്. സെൻസസിൽ വെളിവായ പിന്നോക്കാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇത് 11% ആക്കി വർധിപ്പിക്കണം എന്നാണ് ആവശ്യം. സെൻസസിലൂടെ പിന്നോക്കാവസ്ഥ വെളിപ്പെട്ട വിഭാഗങ്ങൾക്ക് ഒപ്പം മുന്നോക്ക സ്ഥിതിയിലുള്ള പട്ടികജാതി വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് സർക്കാർ നിലപാട് സ്വീകരിച്ചതാണ് മാഡിക വിഭാഗത്തിന്റെ നേതാവായ മന്ദ കൃഷ്ണ മാഡികയുടെ നേതൃത്വത്തിൽ സമരം രൂപപ്പെടാൻ കാരണം.

മാഡിക റിസർവേഷൻ പോരാട്ട സമിതി എന്ന സമര സംഘടനയുടെ നേതൃത്വത്തിലാണ് ആ വിഭാഗക്കാരുടെ പ്രക്ഷോഭം രൂപപ്പെട്ടിരിക്കുന്നത് രാഷ്ട്രീയ പരിഗണനകൾ മുൻനിർത്തിയാണ് ജാതി വിഭാഗങ്ങളെ കാറ്റഗറൈസ് ചെയ്തത് എന്ന് ഇവർ ആരോപിക്കുന്നു. പട്ടിക വിഭാഗക്കാരിലെ ഏറ്റവും പിന്നോക്കാവസ്ഥയുള്ള ജാതിക്കാരെ ഉൾപ്പെടുത്തിയിട്ടുള്ള എ കാറ്റഗറിയിൽ വളരെ മുന്നോക്ക സ്ഥിതി കൈവരിച്ച പട്ടികജാതി വിഭാഗങ്ങളെ ഉൾപ്പെടുത്തി എന്നാണ് മന്ദകൃഷ്ണ മാഡിക ആരോപിക്കുന്നത്.
മുസ്ലിം പിന്നോക്ക വിഭാഗങ്ങൾക്കിടയിലും അതൃപ്തി വളരുന്നു
തെലുങ്കാനയിലെ മുസ്ലിം ജനവിഭാഗത്തിനുള്ളിലും ജാതി സെൻസസിനെ തുടർന്ന് വിഭജനവും അതിർത്തിയും ശക്തിപ്പെടുത്തുകയാണ്. മുസ്ലീങ്ങളിലെ ന്യൂനപക്ഷം വരുന്ന സ്ഥിതിയുള്ള ആളുകളും ഭൂരിപക്ഷം വരുന്ന പിന്നോക്ക മുസ്ലിങ്ങളും എന്ന നിലയിൽ രണ്ട് വിഭാഗങ്ങളെ സെൻസസ് രൂപപ്പെടുത്തിയിട്ടുണ്ട്.
ജാതി സംവരണം പാർട്ടിയിലും പ്രശ്നമുണ്ടാക്കുന്നു
ജാതി സെൻസസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ പ്രശ്നങ്ങളും കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉടലെടുത്തിരിക്കുകയാണ്. ജാതി സെൻസസും അതിനെ തുടർന്ന് സ്വീകരിച്ച സംവരണ സമീപനവും പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കി എന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നു കഴിഞ്ഞു. കോൺഗ്രസിന്റെ എം എൽ സി ആയ തീന്മർ മല്ലണ്ണയാണ് രാഷ്ട്രീയ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങളെ കൂടുതൽ അടിച്ചമർത്തുന്ന സ്ഥിതിയാണ് ജാതി സെൻസസിന് ശേഷം ഉണ്ടായിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിൻറെ വിമർശനം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുവാൻ പാർട്ടി തയ്യാറെടുക്കുന്നതിനിടയിൽ പാർട്ടിയുടെ നയത്തിനും പാർട്ടി സർക്കാരിന്റെ പ്രവർത്തനത്തിനും എതിരെ വിമർശനം ഉയർത്തിയ മല്ലണ്ണയോട് വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് നൽകിയിരിക്കുകയാണ്.
ജാതി സെൻസസിനെ കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മുഖ്യ രാഷ്ട്രീയ ആയുധമായി കോൺഗ്രസ് ഉയർത്തി കൊണ്ടുവന്നിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ എല്ലായിടങ്ങളിലും ജാതി സെൻസസ് നടത്തുന്നു എന്ന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെലങ്കാനയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ ജാതി സെൻസസ് വളരെ വേഗം പൂർത്തീകരിച്ചത്. ഓരോ ജാതി വിഭാഗത്തിന്റെയും സാമൂഹിക പ്രാതിനിധ്യം സെൻസസിലൂടെ വെളിവായി. അതോടെ ഓരോ കാറ്റഗറിയിലും അതീവ പിന്നോക്കാവസ്ഥ ഉള്ളവരും അല്ലാത്തവരും എന്ന നിലയിൽ ചേരിതിരിവ് സംജാതമായിരിക്കുകയാണ്.
സർക്കാർ മൂന്നു വിഭാഗങ്ങളായി സംവരണ വിഭാഗങ്ങളെ വേർതിരിച്ചുകൊണ്ട് നടപടിയെടുത്തു. ഒരു ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ കാറ്റഗറി തിരിച്ചത്. ഏറ്റവും പിന്നോക്ക സ്ഥിതിയിൽ ഉള്ളവർ എ കാറ്റഗറിയിലും അല്പം മെച്ചപ്പെട്ടവർ ബി കാറ്റഗറിയിലും പിന്നോക്കക്കാരിൽ മുന്നോക്കക്കാരായി മാറിയവർ മൂന്നാം കാറ്റഗറിയിലും ഉൾപ്പെടുത്തി ആണ് ഇപ്പോൾ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതാണ് കോൺഗ്രസ് സർക്കാരിനും പാർട്ടിക്കും വിനയായി മാറിയിരിക്കുന്നത്. രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ അനർഹരെ കൂടുതൽ സംവരണം ലഭിക്കേണ്ട എ കാറ്റഗറിയിൽ കുത്തിതിരിക്കി എന്നാണ് പട്ടിക വിഭാഗം സംഘടനകളും പിന്നോക്ക ജാതി സംഘടനകളും ആക്ഷേപിക്കുന്നത്. ആക്ഷേപത്തിന്റെ ഘട്ടത്തിൽ നിന്ന് അതാത് ജാതികൾ പ്രക്ഷോഭവുമായി രംഗത്ത് വന്നിരിക്കുകയാണ്.