.ഗാന്ധിനഗർ: ഗുജറാത്തില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഹൈസ്കൂളുകളിലെ നിയമനത്തില്‍ സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം.ജനുവരി 23ലെ വിധി തങ്ങളെ നിരാശപ്പെടുത്തുന്നതാണെന്നും ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ 75-ാം വാർഷികത്തിനു തൊട്ടുമുമ്പ് ഇത്തരമൊരു വിധി വന്നതില്‍ സങ്കടമുണ്ടെന്നും ഗാന്ധിനഗർ ആർച്ച്‌ബിഷപ് ഡോ. തോമസ് മക്‌വാൻ പറഞ്ഞു. ജീവനക്കാരുടെ നിയമനം തങ്ങളുടെ മൗലികാവകാശമാണെന്ന് ലീഗല്‍ ടീം ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ ഏറ്റെടുക്കലിന് ജഡ്ജി അംഗീകാരം നല്‍കിയത് നിരാശാജനകമാണ്.
വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാൻ ആലോചന
ഭരണഘടനയുടെ ആർട്ടിക്കിള്‍ 30 പ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും, മതത്തിന്‍റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍, അവർക്ക് ഇഷ്‌ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനും അവകാശമുണ്ട്. ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാൻ സഭ ആലോചിക്കുന്നുണ്ട്.-ആർച്ച്‌ബിഷപ് പറഞ്ഞു.
ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തങ്ങളുടെ മൗലികാവകാശം
സഭാസ്കൂളുകളില്‍ ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തങ്ങളുടെ മൗലികാവകാശമാണെന്നും സ്കൂളുകളുടെ നടത്തിപ്പിന് ഇത് അത്യന്താപേക്ഷിതമാണെന്നും ഗുജറാത്ത് ബോർഡ് ഓഫ് കാത്തലിക് എഡ്യുക്കേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറി ഫാ. ടെലിസ് ഫെർണാണ്ടസ് പറഞ്ഞു