ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി, മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
ലൈംഗികപീഡനം സംബന്ധിച്ച് പരാതി നല്‍കാത്തവരുടെ മൊഴികളില്‍ കേസ് രജിസ്റ്റർ ചെയ്യുന്നത് വിചിത്രമാണെന്ന് കോടതി നിരീക്ഷണം
ഹേമ കമ്മിറ്റിക്കു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരേ നിർമാതാവ് സജിമോൻ പാറയില്‍, നടി, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണു ജസ്റ്റീസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നു വാദിച്ച സംസ്ഥാന സർക്കാർ അന്വേഷണം റദ്ദാക്കുന്നതിനെ കോടതിയില്‍ എതിർത്തു. എന്നാല്‍ ലൈംഗികപീഡനം സംബന്ധിച്ച് പരാതി നല്‍കാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്യുന്നത് വിചിത്രമാണെന്ന നിരീക്ഷണമാണു കോടതി നടത്തിയത്.
സുപ്രീംകോടതിയെ സമീപിച്ച നടിയും മേക്കപ്പ് ആർട്ടിസ്റ്റും ഹൈക്കോടതിയെ സമീപിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷൻ
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും തങ്ങള്‍ക്കു പീഡനപരാതി ഇല്ലെന്നും എന്നാല്‍ പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്തു ബുദ്ധിമുട്ടിക്കുകയാണെന്നും നടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ അന്വേഷണസംഘം രജിസ്റ്റർ ചെയ്ത കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച നടിയും മേക്കപ്പ് ആർട്ടിസ്റ്റും ഹൈക്കോടതിയെ സമീപിച്ചിട്ടില്ലെന്നും വനിതാ കമ്മീഷൻ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, കേസുമായി ബന്ധമില്ലാത്ത സജിമോൻ പാറയില്‍ എന്തുകൊണ്ടാണ് അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമാനിർമാതാവായ തനിക്കെതിരേ പോലും ഈ മൊഴികള്‍ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയിലിന്‍റെ അഭിഭാഷകർ വാദിച്ചു