റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു : പിൻവലിക്കാനുള്ള തീയതി 20 ന് അവസാനിക്കും

January 20, 2025 - 5:53 am

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. സൂക്ഷ്‌മപരിശോധനയില്‍ 477 പത്രികകള്‍ തള്ളി. ആകെയുള്ള 70 സീറ്റുകളില്‍ കൂടുതല്‍ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത് ആം ആദ്മി ദേശീയ കണ്‍വീനറും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ്. 23 പേർ. കുറവ് പട്ടേല്‍ നഗറിലും കസ്‌തൂർബാ നഗറിലും അഞ്ചുപേർ വീതം. ത്രികോണ പോരാട്ടം നടക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് കേജ്‌രിവാളിന്റെ എതിരാളികള്‍. മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വെർമയുടെ മകൻ പർവേഷ് വെർമയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

.കേജ്‌രിവാളിനെ അപായപ്പെടുത്താൻ ക്രിമിനലുകളെ നിയോഗിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അതിഷി

കേജ്‌രിവാളിനെ അപായപ്പെടുത്താൻ ബി.ജെ.പി കൊടും ക്രിമിനലുകളെ നിയോഗിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ശനിയാഴ്ച ആം ആദ്മി നേതാവ് സഞ്ചരിച്ച കാറിന് നേരെ കല്ലേറിഞ്ഞയാള്‍ക്ക് ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് വെർമയുമായി ബന്ധമുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രചാരണമാണ് ഇത്തവണയെന്നും, അതിക്രമങ്ങള്‍ ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും കേജ്‌രിവാള്‍ പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണമെന്ന് ബി.ജെ.പി തിരിച്ചടിച്ചു. തൊഴിലില്ലാത്ത യുവാക്കള്‍ പരാതി പറയാൻ വരുമ്പോള്‍ അവരെ കാറു കൊണ്ടിടിക്കാനാണ് കേജ്‌രിവാള്‍ ശ്രമിക്കുന്നതെന്ന് പർവേഷ് വെർമ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *