ഡല്‍ഹി: ഡല്‍ഹിയുടെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞിനു പുറമെ നേരിയ മഴയും . ഇതോടെ ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ താപനില എട്ടു ഡിഗ്രി സെല്‍ഷസില്‍ താഴെ രേഖപ്പെടുത്തി. ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകള്‍ മണിക്കൂറുകള്‍ വൈകുന്നു. ജനുവരി 11 വൈകുന്നേരംവരെ മൂടല്‍മഞ്ഞ് കാരണം 45 ട്രെയിനുകളാണു വൈകിയത്.പല ട്രെയിനുകളും ഏഴുമുതല്‍ എട്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നതും തിരികെയുമുള്ള വിമാനങ്ങളുടെ സർവീസുകളും തടസപ്പെട്ടിട്ടുണ്ട്.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത
കഴിഞ്ഞ ദിവസം ഡല്‍ഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ഇതോടെ നൂറിലധികം വിമാന സർവീസുകള്‍ റദ്ദാക്കിയിരുന്നു. ചില വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിരവധി ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞിനെത്തുടർന്ന് ഹിമാചല്‍പ്രദേശിലെ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു