ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി.ഗവർണറുടെ പ്രസംഗത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.ഇത് പ്രകാരം ജനുവരി 6 ന് രാവിലെ ഒമ്പത് മണിക്കാണ് തമിഴ്നാട് നിയമസഭാ സമ്മേളനം ആരംഭിച്ചത്. നിയമസഭയിലെത്തിയ ഗവർണർ ആർ.എൻ. രവിയെ സ്പീക്കർ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. എന്നാല്‍, നിയമസഭയിലെത്തിയതിന് തൊട്ടുപിന്നാലെ സഭയെ അഭിസംബോധന ചെയ്യാതെ ഗവർണർ സഭ വിട്ടു. ഇതേത്തുടർന്ന് നിയമസഭയില്‍ ബഹളമുണ്ടായി.
ഭരണഘടനയെയും ദേശീയ ഗാനത്തെയും തമിഴ്‌നാട് നിയമസഭയില്‍ അപമാനിച്ചുവെന്ന് രാജ്ഭവൻ ..
സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്’ത്തിന് ശേഷം ദേശീയ ഗാനം ആലപിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ ഗവർണർ ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സർക്കാർ ആവശ്യം തള്ളുകയായിരുന്നു. ഇതേത്തുടർന്ന് ഗവർണർ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.ഭാരതത്തിന്റെ ഭരണഘടനയെയും ദേശീയ ഗാനത്തെയും ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ വീണ്ടും അപമാനിച്ചുവെന്ന് രാജ്ഭവൻ എക്സില്‍ കുറിച്ചു.
ദേശീയ ഗാനം ആലപിക്കാൻ സഭാ നേതാവും സ്പീക്കറും തയാറായില്ല
“നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രഥമ മൗലിക കർത്തവ്യങ്ങളില്‍ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും ഗവർണറുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം ആലപിക്കാറുണ്ട്. എന്നാലിന്ന് ഗവർണർ സഭയില്‍ എത്തുമ്പോള്‍ തമിഴ് തായ് വാഴ്‌ത്ത് മാത്രമാണ് ആലപിച്ചത്. തുടർന്ന് ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ഓർമ്മിപ്പിച്ചെങ്കിലും ദേശീയ ഗാനം ആലപിക്കാൻ സഭാ നേതാവും സ്പീക്കറും തയാറായില്ല” രാജ്ഭവൻ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയഗാനം ആലപിക്കുന്നതിന് കാത്തുനില്‍ക്കാതെ ഗവർണർ ഇറങ്ങിപ്പോയെന്ന് മന്ത്രി ശിവശങ്കർ
ഭരണഘടനയെയും ദേശീയഗാനത്തെയും ഇത്രയും ക്രൂരമായി അനാദരിക്കുന്നതില്‍ കക്ഷിയാകാതിരിക്കാൻ ഗവർണർ അഗാധമായ വേദനയോടെ സഭ വിടുകയായിരുന്നുവെന്നും രാജ്ഭവൻ വ്യക്തമാക്കി.ഗവർണറുടെ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.ദേശീയഗാനത്തെ അപമാനിക്കുക എന്ന ഉദ്ദേശം തമിഴ്‌നാട് സർക്കാരിന് ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും ദേശീയഗാനം ആലപിക്കുന്നതിന് കാത്തുനില്‍ക്കാതെ ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയെന്നും തുടർന്ന് മാദ്ധ്യമങ്ങളെ കണ്ട മന്ത്രി ശിവശങ്കർ പറഞ്ഞു