ഡമാസ്കസ്: സിറിയയില്‍ തീവ്രവാദി സംഘമായ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്‌ടിഎസ്) വിമതർ അധികാരം പിടിച്ചു. പ്രസിഡന്‍റ് ബഷർ അല്‍ അസാദ് രാജ്യത്തുനിന്നു രക്ഷപ്പെട്ടു. അതോടെ സിറിയയില്‍ അസാദ് കുടുംബത്തിന്‍റെ 53 വർഷത്തെ ഭരണത്തിന് അന്ത്യമായി. അസാദ് രാജ്യം വിട്ടെന്ന് ഉറ്റസുഹൃത്തായ റഷ്യ അറിയിച്ചു. അസാദ് ഭരണകൂടം നിലംപൊത്തിയതു സ്വാഗതം ചെയ്ത് പാശ്ചാത്യരാജ്യങ്ങള്‍ രംഗത്തെത്തി. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും സഹിഷ്ണുതയോടെ പെരുമാറുമെന്ന് എച്ച്‌ടിഎസ് നേതാവ് അബു മുഹമ്മദ് അല്‍-ഗൊലാനി പറഞ്ഞു.
ഭരണത്തിന് അന്ത്യമായത് ഇറാനും സഖ്യകക്ഷികള്‍ക്കും വൻ തിരിച്ചടിയായി.
അസാദിനെ പുറത്താക്കിയെന്ന് ഡിസംബർ 8 ന് വിമതർ സർക്കാർ ടെലിവിഷനിലൂടെ അറിയിച്ചു. 8 ന് വൈകുന്നേരം നാലു മുതല്‍ 9 ന് വെളുപ്പിന് അഞ്ചുവരെ ഡമാസ്കസില്‍ കർഫ്യു പ്രഖ്യാപിച്ചു. കുപ്രസിദ്ധമായ സയ്ദനായ ജയിലില്‍ പാർപ്പിച്ചിരുന്ന എല്ലാ തടവുകാരെയും മോചിപ്പിച്ചെന്ന് വിമതർ അറിയിച്ചു. ജയിലിന്‍റെ സെല്‍ വാതിലുകള്‍ തകർത്ത് ഡസൻകണക്കിനു വനിതാ തടവുകാരെ മോചിപ്പിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. സുന്നികള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ് വിമതരുടെ ശക്തികേന്ദ്രം. ഈ മേഖലയില്‍ ക്രിസ്ത്യൻ, കുർദ് വിഭാഗങ്ങളുമുണ്ട്. അസാദ് ഭരണത്തിന് അന്ത്യമായത് ഇറാനും സഖ്യകക്ഷികള്‍ക്കും വൻ തിരിച്ചടിയായി.
സിറിയയുടെ ഭാവി സംബന്ധിച്ച ആശങ്ക വലുതാണ്
13 വർഷം നീണ്ട ആഭ്യന്തരയുദ്ധം തകർത്ത സിറിയയുടെ ഭാവി സംബന്ധിച്ച ആശങ്ക വലുതാണ്. തുർക്കിയുടെ പിന്തുണയുള്ള പ്രതിപക്ഷ സായുധസംഘവും അമേരിക്ക പിന്തുണയ്ക്കുന്ന കുർദിഷ് പോരാളികളും രാജ്യത്തിന്‍റെ വടക്കൻ മേഖലയില്‍ പോരാട്ടത്തിലാണ്. ചില പ്രദേശങ്ങളില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും സജീവമാണ്. വടക്കുകിഴക്കൻ സിറിയയില്‍ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്‌ടിഎസ്) തീവ്രവാദ സംഘടന നേതൃത്വം നല്കുന്ന വിമതർ വിജയാഹ്ലാദ പ്രകടനവുമായി ആയിരക്കണക്കിനു പേർ ഡമാസ്കസ് നഗരത്തില്‍ അണിനിരന്നു.
സിറിയൻ സൈന്യവും പോലീസ് ഓഫീസർമാരും രാജ്യംവിട്ടു.
പ്രസിഡൻഷല്‍ പാലസും അസാദിന്‍റെ കുടുംബവീടും ഉയർന്ന ഉദ്യോഗസ്ഥരുടെ വസതികളും ജനക്കൂട്ടം കൊള്ളയടിച്ചു. സിറിയൻ സൈന്യവും പോലീസ് ഓഫീസർമാരും രാജ്യംവിട്ടു. വെറും ഒരാഴ്ചകൊണ്ടാണു വിമത ഗ്രൂപ്പുകള്‍ സിറിയയുടെ വിവിധ പ്രദേശങ്ങള്‍ കാര്യമായ തടസമില്ലാതെ പിടിച്ചെടുത്തിരിക്കുന്നത്.
90 ഇന്ത്യക്കാരാണു സിറിയയിലുള്ളത്.
ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം നല്കുമെന്ന് ഡമാസ്കസിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിവിധ യുഎൻ സംഘടനകളില്‍ പ്രവർത്തിക്കുന്ന 14 പേരടക്കം 90 ഇന്ത്യക്കാരാണു സിറിയയിലുള്ളത്.