കൊച്ചി: ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പ്പൊടി വിതറുന്നതും ആചാരമല്ലെന്നു ഹൈക്കോടതി.ഇത് ആചാരമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ആചാരമല്ലാത്തതിനാല്‍ ഇത് ഒഴിവാക്കണം. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങള്‍ ഭക്തരെ അനൗണ്‍സ്‌മെന്‍റിലൂടെ അറിയിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയില്‍ ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഫോട്ടോയെടുത്ത പോലീസുകാരുടെ നടപടി അംഗീകരിക്കാനാവില്ല
പതിനെട്ടാംപടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കോടതിയില്‍ നേരിട്ടു ഹാജരായ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലവും ഫയല്‍ ചെയ്തിരുന്നു. ഫോട്ടോയെടുത്ത പോലീസുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല. മനഃപൂര്‍വമല്ലെങ്കിലും ഇത്തരം പ്രവണതകള്‍ ശരിയല്ല. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണു ശബരിമലയില്‍ പോലീസ് നിര്‍വഹിക്കുന്നതെങ്കിലും ഭക്തരുടെ സുരക്ഷിത തീര്‍ഥാടനത്തിനാണു പ്രാധാന്യം കൊടുക്കുന്നതെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
വ്ലോഗര്‍മാര്‍ അടക്കമുള്ളവര്‍ ഫോട്ടോ എടുക്കുന്നതും തടയണം
പതിനെട്ടാം പടിയിലും ശ്രീകോവിലിനു സമീപവും വ്ലോഗര്‍മാര്‍ അടക്കമുള്ളവര്‍ ഫോട്ടോ എടുക്കുന്നതു തടയണമെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി. അല്ലാത്തപക്ഷം ദേവസ്വം ബോര്‍ഡിന്‍റെ പ്രത്യേക അനുമതി വേണം. 2024 ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ ഏര്‍പ്പെടുത്തുന്ന സുരക്ഷാ നിയന്ത്രണത്തെക്കുറിച്ച് പോലീസ് വിശദീകരിച്ചു. നിയന്ത്രണത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡിനെയും സ്‌പെഷല്‍ കമ്മീഷണറെയും തീര്‍ഥാടകരെയും മുന്‍കൂട്ടി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു