കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഏറ്റവും ഒടുവിലത്തേത് കഴിഞ്ഞ ദിവസം പുല്ലമ്പാറ പഞ്ചായത്തില്‍ അനുരാഗിനെ കാട്ടുപന്നി ആക്രമിച്ചതാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഏഴാമത്തെ ആളാണ് അനുരാഗ്.
കുട്ടികളെ സ്കൂളുകളിലേക്കയക്കാൻ തന്നെ ഭയക്കുകയാണ് രക്ഷിതാക്കള്‍.
മുൻപ് രാത്രി കാലങ്ങളില്‍ മാത്രം പുറത്തിറങ്ങിയിരുന്ന ഇവ ഇപ്പോള്‍ പകല്‍ സമയങ്ങളിലും സജീവമാണ്. കുട്ടികളെ സ്കൂളുകളിലേക്കയക്കാൻ തന്നെ ഭയക്കുകയാണ് രക്ഷിതാക്കള്‍. ഒരു വിളയും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. ഒന്നാംവിള നെല്‍കൃഷിയും കാല്‍ഭാഗത്തോളം പന്നികള്‍ നശിപ്പിച്ചതായി കർഷകർ പറയുന്നു. പണയം വച്ചും ലോണെടുത്തുമൊക്കെ കൃഷിയിറക്കുന്ന കർഷകരെ ഇത് ഏറെ ദുരിതത്തിലാക്കുന്നു.
വരമ്പുകള്‍ കുത്തി നശിപ്പിക്കുന്നു.
വയലുകളിലെ വരമ്പുകള്‍ ഉള്‍പ്പെടെ ഇവ കുത്തി നശിപ്പിക്കുന്നു. കരപ്രദേശത്ത് കൃഷി ചെയ്ത് വാഴ, മരിച്ചീനി, പച്ചക്കറികള്‍ എന്നിവ ഒന്നില്ലാതെ പന്നികളും കുരങ്ങുകളും നശിപ്പിക്കുന്നു. സ്വകാര്യ വ്യക്തികളുടേതുള്‍പ്പെടെ വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങളില്‍ കഴിയുന്ന ഇവയുടെ ശല്യം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. പ്രദേശത്ത് പാടശേഖര സമിതിയുടെയും കൃഷിഭവന്റെയും പഞ്ചായത്തിന്റെയുമെല്ലാം സഹകരണത്തോടെ മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളായിരുന്നു ഇവിടം.
അതിരൂക്ഷ ശല്യമായി കുരങ്ങുകളും മയിലുകളും
തെങ്ങിലെ വെള്ളക്ക ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതും ഓടിളക്കി വീടിനകത്ത് പ്രവേശിച്ച് ആഹാര സാധനങ്ങള്‍ കൈക്കലാക്കുന്നതും വാട്ടർ ടാങ്കിന്റെ അടപ്പിളക്കി അതിനകത്തിറങ്ങി കുളിക്കുന്നതും പൈപ്പുകള്‍ കേടാക്കുന്നതുമെല്ലാം കുരങ്ങുകളുടെ നിത്യസംഭവമാണ്. കൂട്ടത്തോടെ പറന്നിറങ്ങുന്ന മയിലുകള്‍ പച്ചക്കറി കൃഷിയും കൊത്തി നശിപ്പിക്കുന്നു