.ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി..ഒന്നര വർഷത്തിലേറെയായി തുടരുന്ന സംഘർഷം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച ക്രൈസ്തവ സമൂഹത്തിലാകെ നിരാശയും വേദനയും നല്‍കുന്നതാണെന്ന് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ എൻസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
അസ്ഥിരത മണിപ്പുരിന്‍റെ സാമൂഹികഘടനയെ ഇല്ലാതാക്കുകയും ജനങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിനു കനത്ത ആഘാതം സൃഷ്‌ടിക്കുകയും ചെയ്യുന്നു. വ്യാപകമായ കഷ്‌ടപ്പാടുകളും ജീവഹാനിയും കുടിയൊഴിപ്പിക്കലും മുഖേനയുള്ള സംഘർഷം നിയന്ത്രണാതീതമായി തുടരുന്നത് ആശങ്കാജനകമാണെന്നും എൻസിസിഐപറഞ്ഞു.
.
അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു
കുടുംബങ്ങള്‍ ഛിന്നഭിന്നമായി. സമൂഹങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം എന്നിവപോലുമില്ലാതെയായി. കഷ്‌ടപ്പാടുകള്‍ വർധിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്നും സംഘടന ചൂണ്ടിക്കാട്ടി