അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ ഭരണഘടനാദത്തമായ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ സല്‍കീര്‍ത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തില്‍ മാത്രമേ ഇത്തരം നിയന്ത്രണം സാധിക്കൂവെന്നും 2024 നവംബർ 7 ന് ഉണ്ടായ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) പ്രകാരം മാധ്യമങ്ങളുടെയും വ്യക്തികളുടെയും അവകാശങ്ങള്‍ പരസ്പരപൂരകമാണ്. ഭരണഘടനാമൂല്യങ്ങളും കാഴ്ചപ്പാടുകളും അതു നല്‍കുന്ന കടമകളും പൗരന്മാരോ മാധ്യമങ്ങളോ അനുഭവിക്കുന്ന അവകാശങ്ങള്‍ക്ക് സ്വയം പരിധിയേര്‍പ്പെടുത്തുന്ന വിധമാണു നിര്‍വചിക്കപ്പെട്ടിട്ടുള്ളതെന്നും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റെ ഉത്തരവില്‍ വ്യക്തമാക്കി.

ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിടുന്നു.

ക്രിമിനല്‍ കേസുകളിലും മറ്റും മാധ്യമ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 2014ല്‍ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പനാണ് ആദ്യം കോടതിയെ സമീപിച്ചത്. 2016 ജൂലൈയില്‍ ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്കു പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയത്.
മാധ്യമ റിപ്പോര്‍ട്ടിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേതടക്കം നിരവധി വിധികള്‍ മുന്നിലുണ്ട്. ഇതില്‍ വിശദമായ കോടതി ഇടപെടലുകളും വിശകലനവും വേണമെന്നും വ്യക്തമാക്കി ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിട്ടു.

മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു കേസില്‍ കക്ഷിചേര്‍ന്ന വിവിധ മാധ്യമസ്ഥാപനങ്ങൾ.

ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കണം, ഓപ്പണ്‍ കോടതിയിലെ ജഡ്ജിമാരുടെ കമന്‍റുകള്‍ പ്രസിദ്ധീകരിക്കുന്നതും അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു ഹര്‍ജികളില്‍. ബാര്‍ അസോസിയേഷനുകള്‍ അടക്കമുള്ളവരായിരുന്നു ഹര്‍ജിക്കാര്‍. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു കേസില്‍ കക്ഷിചേര്‍ന്ന വിവിധ മാധ്യമസ്ഥാപനങ്ങളും അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്നതും കോടതികളുടെ പരിഗണനയിലുള്ളതുമായ കേസുകളില്‍ മാധ്യമങ്ങള്‍ക്ക് പരിമിതമായ അവകാശം മാത്രമേയുള്ളൂ.

ഈ വിധിന്യായത്തിലെ ഭാഗം മാര്‍ഗനിര്‍ദേശമാക്കി പരിഗണിക്കണമെന്നും

പ്രതിയാക്കപ്പെട്ടവര്‍ കുറ്റക്കാരെന്നോ നിരപരാധിയെന്നോ നിലയില്‍ അഭിപ്രായപ്രകടനമുണ്ടായാല്‍ ഇത്തരം റിപ്പോര്‍ട്ടിംഗിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടാകില്ല. കുറ്റക്കാരെന്നോ നിരപരാധിയെന്നോ വിധിക്കാനുള്ള അധികാരം കോടതികള്‍ക്കാണ്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഈ വിധിന്യായത്തിലെ ഭാഗം മാര്‍ഗനിര്‍ദേശമാക്കി പരിഗണിക്കണമെന്നും ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്ബ്യാര്‍, കൗസര്‍ എടപ്പഗത്ത്, സി.പി. മുഹമ്മദ് നിയാസ്, സി.എസ്. സുധ, വി.എം.ശ്യാംകുമാര്‍ എന്നിവർ വ്യക്തമാക്കി.

ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനത്തിന്‍റെ പുതുയുഗം തുറക്കാമെന്ന് കോടതി

അന്തസോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശവും മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും മൗലികമായ കടമകളും മറക്കാതെ വേണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കാനെന്നു ഹൈക്കോടതി വ്യക്തമാക്കി. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകരുത്. ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനത്തിന്‍റെ പുതുയുഗം തുറക്കാന്‍ ഇതു പ്രേരണയാകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അവകാശലംഘനമുണ്ടായാല്‍ വ്യക്തികള്‍ക്ക് കോടതികളെ സമീപിച്ച്‌ ആശ്വാസം നേടാനുള്ള എല്ലാ വഴികളും സുപ്രീംകോടതിയുടെ സഹാറ കേസിലെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ നിലവിലുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →