കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച് പട്ടികജാതിക്കാരനെ പൊലീസ് ജാതി വിളിച്ച് ആക്ഷേപിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിനെ (45)ആണ് നഗരൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ഇതുസംബന്ധിച്ച് സുരേഷ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.പൊലീസ് മർദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ്, ആറ്റിങ്ങല്‍ വലിയകുന്ന് സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. 2024 ഒക്ടോബർ 31 ദീപാവലി ദിവസമാണ് സംഭവം.
പൊലീസ് സ്റ്റേഷൻ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.
.ജോലി കഴിഞ്ഞ് മടങ്ങവെ നഗരൂർ പൊലീസ് സ്റ്റേഷൻ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ട സുരേഷ് മൊബൈല്‍ ഫോണില്‍ വീഡിയോ പകർത്തി. ഇതുകണ്ട സ്റ്റേഷനിലെ ഒരു പൊലീസുകാരൻ പുറത്തിറങ്ങി വീഡിയോ പകർത്തിയത് എന്തിനെന്ന് ചോദിക്കുകയും മറ്റൊരു പൊലീസുകാരനെത്തി സ്റ്റേഷനില്‍ പിടിച്ചു കൊണ്ടുപോയി ജാതി പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിവരം വീട്ടിലറിയിച്ചതിനെ തുടർന്ന് ഭാര്യയെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു..
മുഖ്യമന്ത്രിയടക്കം ഉന്നതർക്ക് പരാതി നല്‍കുമെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ ദീപാവലി ദിവസം മദ്യപിച്ച് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ സുരേഷ് പൊലീസുകാരെ അസഭ്യം വിളിച്ചത് സംബന്ധിച്ച് ഇയാള്‍ക്കെതിരെ അന്നുതന്നെ പെറ്റിക്കേസെടുത്ത് വിട്ടയച്ചതാണെന്ന് നഗരൂർ പൊലീസ് പറഞ്ഞു