സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം.

കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍ വിവരാവകാശനിയമം നിയന്ത്രിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷത്തിന്റെ സമാപനവും വിവരാവകാശ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയുന്നു

പല നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ പൗരന്‍മാര്‍ക്ക് തടയപ്പെട്ടിരുന്ന വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ ഈ നിയമത്തിലൂടെ സാധിച്ചു. മനുഷ്യജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലും ഉപയോഗിക്കാന്‍ പറ്റുന്ന നിയമമാണ് 2005 ല്‍ രൂപംകൊണ്ട വിവരാവകാശ നിയമം.
സ്വതന്ത്ര ഇന്ത്യ നടപ്പിലാക്കിയ ഏറ്റവും ശക്തവും സുതാര്യവുമായ നിയമമാണത്. മുമ്പൊക്കെ മുകളില്‍ നിന്നൊരു ശുപാര്‍ശ വന്നാല്‍ ഏതു മാനദണ്ഡവും ലംഘിച്ച്‌ എന്തും ചെയ്തു കൊടുക്കുന്നവരായിരുന്നു ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇന്ന് വിവരാവകാശ നിയമം അത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി വിവരാവകാശ നിയമത്തെ കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവണം.

വിവരാവകാശ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ക്ക് മുന്നേപ്പോലെ ശക്തിയില്ലെന്നും ഇടപെടുന്നവര്‍ പലരും സ്വകാര്യ ആവശ്യങ്ങള്‍ക്കും വ്യക്തി താല്പര്യങ്ങള്‍ക്കും വേണ്ടി നിയമത്തെ ഉപയോഗിക്കുന്നതിലാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നതെന്നും വിവരാവകാശ കമ്മീഷണര്‍ അബ്ദുള്‍ ഹക്കീം പറഞ്ഞു. പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി വിവരാവകാശ നിയമത്തെ കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവണം.വിവരാവകാശ നിയമത്തെ തളര്‍ത്താനും കൂട്ടിലടയ്ക്കാനും പല കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്.ഈ ഘട്ടത്തില്‍ നിയമത്തിന്റെ പ്രചാരകര്‍ ആകാന്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവരണം. വിവരാവകാശ നിയമത്തില്‍ ഉത്തമ താല്പര്യമനുസരിച്ച്‌ മറുപടി നല്‍കുന്ന സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ (എസ്പിഐഒ) സംരക്ഷണത്തിന് വിവരാവകാശ കമ്മീഷന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായത് വിവരാവകാശ നിയമത്തിന്റെ വരവോടെയാണ്.

ഉദ്യോഗസ്ഥര്‍ ഫയല്‍ എഴുതുമ്പോള്‍ നാളെ ഇതെല്ലാം ജനങ്ങള്‍ അറിയാനുള്ളതാണ് എന്ന ബോധ്യം മനസ്സിലുണ്ടായാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി. വിവരാവകാശനിയമം ശരിയാംവണ്ണം ഉപയോഗിച്ചാല്‍ തീരുമാനമെടുക്കലിന് വേഗത കൈവരും. ഭരണനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായത് വിവരാവകാശ നിയമത്തിന്റെ വരവോടെയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു

ജനങ്ങളുടെ കൂടെ നില്‍ക്കണം

നാം ജനാധിപത്യ വിശ്വാസികള്‍ ആണെങ്കില്‍ ജനങ്ങളുടെ കൂടെ നില്‍ക്കണമെന്നും വിവരാവകാശ നിയമം അതിന് നമുക്ക് കരുത്ത് പകരുമെന്നും പരിപാടിയില്‍ സംസാരിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി കെ രാമകൃഷ്ണന്‍ പറഞ്ഞു.ജില്ലാതല ഭരണഭാഷ സേവന പുരസ്‌കാരം ലഭിച്ച ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ഹോമിയോ) സീനിയര്‍ ക്ലര്‍ക്ക് എസ് കണ്ണന് ജില്ലാ കളക്ടര്‍ പുരസ്‌കാരം വിതരണം ചെയ്തു. എഡിഎം എന്‍ എം മെഹറലി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →