തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു കാരണം സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായമന്ത്രി പി.രാജീവ് .ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നു മുന്നോടിയായി മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച് കേരള സ്റ്റേറ്റ് ഇൻസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോർപറേഷൻ (കെഎസ്‌ഐഡിസി) ഒക്ടോബർ 30ന്സംഘടിപ്പിച്ച സെക്ടറല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻഗണനാ മേഖലകളുമായി ബന്ധപ്പെട്ട് റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍
കേരളത്തിന്‍റെ പുതിയ വ്യവസായ നയത്തില്‍ കണ്ടെത്തിയിട്ടുള്ള 22 മുൻഗണനാ മേഖലകളുമായി ബന്ധപ്പെട്ട് റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ചു വരികയാണ്. ഓരോ മേഖലയിലെയും നിക്ഷേപകരുടെയും സംരംഭകരുടെയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സമ്മേളനത്തില്‍ ആരായും. ഇത് സർക്കാർ തലത്തില്‍ എങ്ങനെ നടപ്പിലാക്കാമെന്നും ഈ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും സംസ്ഥാനത്തെ വ്യവസായ അനുകൂല അന്തരീക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ചർച്ചകളും സമ്മേളനത്തില്‍ രൂപപ്പെടുമെന്നും മന്ത്രി പറഞ്ഞു.