ബംഗളൂരു: വിജയപുര ജില്ലയിലെ വഖഫ് ഭൂമി വിവാദത്തില്‍ കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.കർഷകരില്‍നിന്നു വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷമായ ബിജെപി വിഷയം രാഷ്‌ട്രീയ ആയുധമാക്കുകയും ചെയ്തതിനു പിന്നാലെയാണ് വിവാദ നോട്ടീസ് പിൻവലിക്കാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചത്.
പഴയ ഗസറ്റില്‍ വന്ന പിഴവാണു തെറ്റായ രീതിയില്‍ നോട്ടീസ് അയയ്ക്കാൻ കാരണമായത്
വിജയപുര ജില്ലയിലെ ഹൊനാവാദ് ഗ്രാമത്തില്‍ 44 കർഷകരുടെ 1200 ഏക്കർ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ടു വഖഫ് ബോർഡ് നോട്ടീസ് നല്‍കിയതോടെയാണ് കർഷകർ തെരുവിലിറങ്ങിയത്. പഴയ ഗസറ്റില്‍ വന്ന പിഴവാണു തെറ്റായ രീതിയില്‍ നോട്ടീസ് അയയ്ക്കാൻ കാരണമായതെന്ന് വിജയപുര ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ബി. പാട്ടീല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 1974ല്‍ ഹൊനാവാദ് വില്ലേജിലെ ഭൂമി അബദ്ധവശാല്‍ ഗസറ്റ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുകയായിരുന്നെന്നും എം.ബി. പാട്ടീല്‍ ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിക്കാൻ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കർഷകർക്കു നല്‍കിയ നോട്ടീസ് പിൻവലിക്കുമെന്നും പിഴവ് സംബന്ധിച്ച് വിജയപുര ഡെപ്യൂട്ടി കമ്മീഷണർ അന്വേഷിക്കുമെന്നും നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ അറിയിച്ചു.
കർഷകരുടെ ഭൂമി പിടിച്ചെടുത്ത് വഖഫ് ഭൂമിയാക്കാൻ സർക്കാരിന് ഒരു ഉദ്ദേശ്യവുമില്ല
വിഷയം വളരെ സങ്കീർണമാണ്. കർഷകരുടെ ഭൂമി പിടിച്ചെടുത്ത് വഖഫ് ഭൂമിയാക്കാൻ സർക്കാരിന് ഒരു ഉദ്ദേശ്യവുമില്ല. ഏതെങ്കിലും വിധത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്തും. അതോടൊപ്പം പിഴവു വരുത്തിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും നിയമമന്ത്രി മുന്നറിയിപ്പു നല്‍കി.1977ല്‍ ഈ തെറ്റ് വഖഫ് ബോർഡ് തിരുത്തിയിരുന്നു. പത്തേക്കർ ഖബർസ്ഥാൻ മാത്രമാണു പ്രസ്തുത വില്ലേജില്‍ വഖഫ് ഭൂമിയായുള്ളതെന്നായിരുന്നു തിരുത്തല്‍. ബാക്കി വരുന്ന 12,00 ഏക്കർ (1974ല്‍ വഖഫ് ഭൂമിയായി രേഖപ്പെടുത്തിയത്) കർഷകരുടേതാണെന്നും കർഷകരുടെ ഒരിഞ്ചു ഭൂമിപോലും വഖഫ് ഭൂമിയില്‍ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ബിജെപി നിയോഗിച്ച അഞ്ചംഗ സംഘം ഇന്നലെ വിജയപുര സന്ദർശിച്ച് കർഷകരുമായി കൂടിക്കാഴ്ച നടത്തി.