ഡല്‍ഹി / തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയാകാതിരിക്കാൻ ബോധവത്‌കരണം അനിവാര്യമെന്നും മൻ കി ബാത്തില്‍ മോദി പറഞ്ഞു. അന്വേഷണ ഏജൻസികള്‍ എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിമുഴക്കി കോടികള്‍ തട്ടിയെടുക്കുന്ന സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം.
സംയമനം പാലിക്കുക, ചിന്തിക്കുക, നടപടി എടുക്കുക.
ഒരു സർക്കാർ ഏജൻസിയും വീഡിയോ കോള്‍ വഴി ചോദ്യംചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഇല്ല, പണം ആവശ്യപ്പെടുന്ന സംവിധാനവും ഇല്ല. സി.ബി.ഐ പോലുള്ള ഏജൻസികളുടെ പേരില്‍ ഓഡിയോ / വീഡിയോ കോള്‍ വന്നാല്‍ പരിഭ്രാന്തരാകരുത്. ഡിജിറ്റല്‍ സുരക്ഷയുടെ മൂന്ന് ഘട്ടങ്ങള്‍ ഓർമ്മിക്കണം. സംയമനം പാലിക്കുക, ചിന്തിക്കുക, നടപടി എടുക്കുക. സ്വകാര്യ വിവരങ്ങള്‍ ആർക്കും നല്‍കരുത്. മൊബൈല്‍കോളിന്റെ സ്ക്രീൻഷോട്ട് എടുക്കണം. ഓഡിയോ /വീഡിയോ റെക്കോർഡ് ചെയ്യണം. വിവരം ഉടനേ കുടുബത്തെയും പൊലീസിനെയും അറിയിക്കണം. തെളിവുകള്‍ സൂക്ഷിക്കണം. cybercrime.gov.in-ല്‍ റിപ്പോർട്ട് ചെയ്യണം – പ്രധാമന്ത്രി പറഞ്ഞു.
പണം നഷ്‌ടമായാല്‍ ഇതു മറക്കരുത്
ദേശീയ സൈബർ ഹെല്‍പ്‌ലൈനായ 1930 ല്‍ ഉടൻ വിളിക്കണം. അവിടെനിന്നു ലഭിക്കുന്ന കേസ് നമ്പരുമായി സൈബർ പൊലീസ് സ്റ്റേഷനില്‍ എത്തണം.പൊലീസ് ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും. തൃശൂരിലെ ഡോക്ടറുടെ 20 ലക്ഷം തിരിച്ചുപിടിച്ചിരുന്നു.
ദേശീയ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചു. തട്ടിപ്പുകാരുടെ ആയിരക്കണക്കിന് വീഡിയോ കോള്‍ ഐഡികള്‍, സിം കാർഡുകള്‍, മൊബൈല്‍ ഫോണുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ബ്ലോക്ക് ചെയ്‌തു. ഇരകളായവർ പരമാവധി ആളുകളോട് പറയണം. ബോധവല്‍ക്കരണത്തിന് ഹാഷ്‌ടാഗ് # SafeDigitalIndia ഉപയോഗിക്കാം. വിദ്യാർത്ഥികളെയും ഭാഗമാക്കണം.
ഉന്നം സ്ത്രീകള്‍
കേരളത്തില്‍ ഏറെയും സ്ത്രീകള്‍ക്കാണ് പണം നഷ്ടമായത്. ഇരകള്‍ ഏറെയും വിദേശത്ത് നിന്ന് മടങ്ങിയവർ, ബിസിനസുകാർ, ഡോക്ടർമാർ, റിട്ട.ജീവനക്കാർ, ഐ.ടി ജീവനക്കാർ. ഇക്കൊല്ലം 150 ഓളം തട്ടിപ്പ്. പൊലീസ് ബോധവത്കരണം ആരംഭിച്ചതോടെ പുരുഷന്മാർ ഇരകളാവുന്നത് കുറഞ്ഞു. സ്ത്രീകളെ ഉന്നമിട്ടുള്ള ബോധവത്കരണം ശക്തമാക്കി.
നിക്ഷേപ തട്ടിപ്പ് പുതിയ വില്ലൻ
ഓഹരിയില്‍ പണം നിക്ഷേപിക്കാൻ ഉയർന്ന ലാഭിവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്. നിക്ഷേപിച്ച് മൂന്നുമാസം വരെ കാത്തിരിക്കും. ലാഭവിഹിതം കിട്ടതാകുമ്പോഴാണ് പരാതിയുമായെത്തുന്നത്. അപ്പോഴേക്കും തട്ടിപ്പുകാർ പണം പിൻവലിച്ചിരിക്കും. അത് തിരിച്ചുപിടിക്കാനുമാകില്ല
കേരളത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ കുറഞ്ഞതായും സ്ത്രീകളില്‍ ബോധവത്കരണം എത്തുമ്പോള്‍ പൂർണമായും തടയാൻ കഴിയുമെന്നും ഓപ്പറേഷൻസ് എസ്.പി ഹരിശങ്കർ, പറഞ്ഞു.