കൊച്ചി: തൃശൂർ പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച് ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവിന്‍റെ കത്തിലൂടെയും ബിജെപി നേതാവിന്‍റെ തുറന്നുപറച്ചിലിലൂടെയും വ്യക്തമായത് പാലക്കാട്ടെ സിപിഎം- ബിജെപി ഡീലാണെന്നും സതീശൻ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞതാണ്. പൂരം കലക്കിയതിനെത്തുടര്‍ന്നാണു കമ്മീഷണറെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തിയത്. കമ്മീഷണര്‍ അഴിഞ്ഞാടിയെന്നാണു സര്‍ക്കാര്‍ പറഞ്ഞത്.
പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ ആളിനെതന്നെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്.
പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ എഡിജിപി അജിത് കുമാറിനെ തന്നെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിയെ ജയിപ്പിക്കുന്നതിനുവേണ്ടി അജിത് കുമാര്‍ നേരിട്ടുപോയാണ് പൂരം കലക്കിയത്. അദ്ദേഹത്തിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ത്രിതല അന്വേഷണം നടക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ എന്തു പ്രസക്തിയാണുള്ളത്. അന്വേഷണത്തില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്.
പിണറായി ഇപ്പോള്‍ ശ്രമിക്കുന്നത് ഭൂരിപക്ഷ പ്രീണനത്തിനാണ്.
പൂരം കലക്കിയതല്ലെന്ന് സിപിഐക്കാര്‍ പറയട്ടെ. വെടിക്കെട്ട് മാത്രമല്ല മഠത്തില്‍ വരവും അലങ്കോലപ്പെട്ടു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനത്തിനു ശ്രമിച്ച് പരാജയപ്പെട്ട പിണറായി ഇപ്പോള്‍ ശ്രമിക്കുന്നത് ഭൂരിപക്ഷ പ്രീണനത്തിനാണ്. സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണത എല്‍ഡിഎഫിനെ ശിഥിലമാക്കും. ബിജെപിയില്‍ പോയി സീറ്റ് ചോദിച്ചു കിട്ടാതെ കോണ്‍ഗ്രസ് വിട്ടെത്തി വാതില്‍ക്കല്‍ മുട്ടിയ സരിന് 24 മണിക്കൂറിനകം സീറ്റ് നല്‍കിയ എം.വി. ഗോവിന്ദന് നാണമില്ലേ? അവിടെ സിപിഎം ചര്‍ച്ച ചെയ്തിരുന്നത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ.
കോണ്‍ഗ്രസില്‍ സ്ഥാനാർഥിത്വത്തിന് ഡിസിസി അധ്യക്ഷന്‍ മൂന്നു പേരുകള്‍ നിര്‍ദേശിച്ചു. അതില്‍ ഒരാളാണു സ്ഥാനാര്‍ഥിയായത്. അതില്‍ അസ്വാഭാവികതയില്ലെന്നും സതീശൻ പറഞ്ഞു