പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്തുവന്നു. . ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു
ഡിസിസി ഭാരവാഹികള്‍ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി.സതീശൻ, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിൻ്റെ ചുമതലയുമുള്ള ദീപ ദാസ് മുൻഷി എന്നിവർക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കത്തിൽ

പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താൻ സാധിക്കില്ലെന്നും എന്ത് വില കൊടുത്തുംബിജെപിയെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാൻ മികച്ച സ്ഥാനാർത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാർത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ.മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠേന കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്.

Share
അഭിപ്രായം എഴുതാം