ന്യൂഡൽഹി∙: ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്നാണ് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു .ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ വി.കെ.സക്സേന ഒഴിപ്പിച്ചെന്നാണ് എഎപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പരാതി. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും അവർ ആരോപിച്ചു.
ബിജെപി ഇപ്പോൾ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാൻ ശ്രമിക്കുന്നു.
നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ ബംഗ്ലാവിലേക്ക് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി അതിഷി താമസം മാറിയത്. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്‌രിവാൾ താമസിച്ചിരുന്ന വസതിയാണ് ഇത്.ബിജെപിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ലഫ്.ഗവർണർ, മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. 27 വർഷമായി ഡൽഹിയിൽ അധികാരത്തിൽ നിന്ന് പുറത്തായ ബിജെപി ഇപ്പോൾ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്.’’– മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ ആരോപിച്ചു.
