“ഇസ്രയേലിന് എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരിടവും പശ്ചിമേഷ്യയില്‍ ഇല്ല” ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു.

ടെല്‍ അവീവ്: ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇംഗ്ലിഷില്‍ സംസാരിച്ച് നെതന്യാഹു. ഇസ്രയേല്‍ ഒപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതാവായിരുന്ന ഹസൻ നസ്രല്ലയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് നെതന്യാഹുവിൻ്റെ ഈ ആഹ്വാനം. തൻ്റെ ഓഫിസ് പുറത്തിറക്കിയ 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയില്‍ നെതന്യാഹു, ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്യുന്നുവെന്ന് പറഞ്ഞു, ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്.

ഞങ്ങള്‍ ഏതറ്റം വരെയും പോകും’

സ്വന്തം ജനതയുടെ ചെലവില്‍ പശ്ചിമേഷ്യയെ മുഴുവൻ യുദ്ധത്തിലേക്ക് വീഴ്ത്തിയതിന് ഇറാൻ സർക്കാരിനെ കുറ്റപ്പെടുത്തി. ഇസ്രായേലിന് എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരിടവും പശ്ചിമേഷ്യയില്‍ ഇല്ലെന്നും നെതന്യാഹു അവകാശപ്പെട്ടു. ‘ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി, ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങള്‍ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു’ നെതന്യാഹു പറഞ്ഞു. ഇറാന്റെ കളിപാവകള്‍ ഇല്ലാതായാകുകയാണെന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ലെന്നും മുന്നറിയിപ്പ് നല്‍കി.

.ഇറാന്‍ ഒടുവില്‍ സ്വതന്ത്രമാകുമെന്ന സന്ദേശവും

ഇറാന്‍കാരില്‍ ബഹുഭൂരിപക്ഷത്തിനും അവരുടെ ഭരണകൂടം തങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാം. അവര്‍ക്ക് നിങ്ങളെ കുറിച്ച്‌ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ പശ്ചിമേഷ്യയില്‍ ഉടനീളമുള്ള വ്യര്‍ത്ഥമായ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ പാഴാക്കുന്നത് അവര്‍ അവസാനിപ്പിക്കുമായിരുന്നു. അത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കുമായി ഭരണകൂടം പാഴാക്കിയ പണമെല്ലാം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നിങ്ങളുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിക്ഷേപിച്ചിരുന്നെങ്കിലെന്ന് സങ്കല്‍പ്പിക്കുക’ ഇറാനികളോടായി നെതന്യാഹു പറഞ്ഞു. ഇറാന്‍ ഒടുവില്‍ സ്വതന്ത്രമാകുമെന്നും ആ നിമിഷം ആളുകള്‍ കരുതുന്നതിലും വളരെ വേഗത്തിലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതോടെ എല്ലാം വ്യത്യസ്തമായിരിക്കും – നെതന്യാഹു പറഞ്ഞു.

Share
അഭിപ്രായം എഴുതാം