കൊച്ചി: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ .കേരളത്തിലെ സമീപകാല രാഷ്‌ട്രീയ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. 35 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് പാര്‍ട്ടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാകും മത്സരം. കോണ്‍ഗ്രസ് മുന്നണിയെ തോല്പിച്ച് ബിജെപി കേരളത്തിലും ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന സഖ്യത്തിന് ലഭിച്ചത് 40 ലക്ഷത്തോളം വോട്ടുകള്‍
ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 40 ലക്ഷത്തോളം വോട്ടുകള്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത് ദേശമാസകലം ചര്‍ച്ചയായതായും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പു നടത്താന്‍ തയാറാകണമെന്ന് കെ. സുരേന്ദ്രന്‍
പിണറായി സര്‍ക്കാരും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നു കഴിഞ്ഞു. സ്വന്തം മുന്നണിയിലെ സ്വന്തം പാര്‍ട്ടി പിന്തുണ നല്‍കി ജയിപ്പിച്ച എംഎല്‍എയുടെ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഗുഢാലോചന എന്നല്ലാതെ കൃത്യമായ മറുപടി പറയാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് പിണറായി വിജയനും സിപിഎം നേതൃത്വവും. പാര്‍ട്ടിയും ഭരണവും കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും കൈപ്പിടിയിലാണ്. ഈ സര്‍ക്കാരിന് രാഷ്‌ട്രീയമായോ ധാര്‍മികമായോ നിലനില്‍ക്കാന്‍ കഴിയാതെയായിരിക്കുന്നു. പിണറായി സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പു നടത്താന്‍ തയാറാകണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുനമ്പത്തെ നിരാലംബരായ ആളുകള്‍ നടത്തുന്ന സമരത്തെ ബിജെപി പിന്തുണക്കും
അബാദ് പ്ലാസ ഹോട്ടലില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന മുനമ്പത്തെ നിരാലംബരായ ആളുകള്‍ നടത്തുന്ന സമരത്തെ ബിജെപി പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ബിജെപി സംസ്ഥാന സഹ പ്രഭാരി അപരാജിത സാരംഗി എം.പി., മെമ്ബര്‍ഷിപ്പ് കാമ്ബയിന്‍ ഇന്‍ ചാര്‍ജ് പുരന്ദേശ്വരി എംപി, ദേശീയ സമിതിയംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന ജന. സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍. അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, നേതാക്കളായ പദ്മജ വേണുഗോപാല്‍, പി.സി. ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.