അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിലവിലുളളതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ മാറിനില്‍ക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ വ്യക്തിപരമായല്ല തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. .മത്സരിക്കില്ലെന്ന് തീർത്ത് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഇതാണ് വീണ്ടും മത്സരിക്കാനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.”..ഇംഗ്ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചേക്കും എന്ന സൂചന നല്‍കിയത്.

എൻെറ കാര്യത്തിൽ പാർട്ടിയാണത് തീരുമാനിക്കേണ്ടത്.

ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് താനല്ലന്നും കൂട്ടായ തീരുമാന പ്രകാരമാണ് പാർട്ടി മുന്നോട്ട് പോകുന്നത്, ഒരു വ്യക്തിക്ക് തീരുമാനം എടുക്കാനാവില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ” പ്രായ പരിധി മാനദണ്ഡം നടപ്പിലാക്കുന്നതുമായി ഞങ്ങള്‍ മുന്നോട്ടുപോകും എൻെറ കാര്യമെടുത്താല്‍, പാർട്ടിയാണത് തീരുമാനിക്കേണ്ടത്.വിശാലമായ സമവായത്തിൻെറ അടിസ്ഥാനത്തിലാണ്, ഞാൻ എല്ലാക്കാലവും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുളളത്” മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന പറയാൻ
മുഖ്യമന്ത്രി കൂട്ടാക്കാത്തത് വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നു എന്നതിൻെറ വ്യക്തമായ സൂചനയാണ്.

പ്രായപരിധി ഉള്‍പ്പെടെ ഒന്നും തടസമാകില്ല.

പ്രായം 80 പിന്നിടുകയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലെ സി.പി.എമ്മില്‍ ഇപ്പോഴും പിണറായി വിജയൻ തന്നെയാണ് എറ്റവും ഉന്നതനായ നേതാവ്. വീണ്ടും മത്സരിക്കണമെന്ന് പിണറായി താല്‍പര്യപ്പെട്ടാല്‍ പ്രായപരിധി ഉള്‍പ്പെടെ ഒന്നും തടസമാകില്ല.എല്ലാത്തിലും ഇളവ് നല്‍കി പിണറായിക്ക് വീണ്ടും മത്സരാനുമതി നല്‍കാൻ തന്നെയാണ് സാധ്യത. വീണ്ടും മത്സരിക്കാൻ താല്‍പര്യമില്ലെന്ന് പിണറായി പറഞ്ഞാല്‍ പോലും തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിക്കാനുളള നിർബന്ധവും സമ്മർദ്ദവും അദ്ദേഹത്തിന് മേലുണ്ടാകാനും സാധ്യതയുണ്ട്.

പിണറായി മാറിനിന്നാല്‍ പകരം ആര് എന്നത് തർക്കത്തിന് കാരണമാകും എന്നതിനാലാണ് അത്തരമൊരു സാധ്യത പ്രവചിക്കപ്പെടാൻ കാരണം. പിണറായിയുടെ പിൻഗാമിയായി മരുമകൻ പി. എ. മുഹമ്മദ് റിയാസിനെ ഉയർത്തിക്കൊണ്ട് വരുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ തന്നെ ശക്തമാണ്. സർക്കാരിനും പൊലിസ് ഉന്നതർക്കുമെതിരെ കലാപത്തിന് ഇറങ്ങി പുറപ്പെട്ട പി. വി. അൻവർ അതിൻെറ സൂചനകള്‍ വ്യക്തമാക്കി തരികയും ചെയ്തിട്ടുണ്ട്.

പിണറായിക്ക് മാത്രം എങ്ങനെ ഒഴിവ് നൽകുമെന്ന ചോദ്യം പാർട്ടിക്കുളളില്‍ ഉയർന്നുവരാനിടയുണ്ട്.

കൊവിഡ്, നിപ കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കെ.കെ.ശൈലജ ഉള്‍പ്പെടെയുളളവരാണ് ഇങ്ങനെ മാറ്റിനിർത്തപ്പെട്ടത്. പ്രായ പരിധി മാനദണ്ഡവും രണ്ട് ടേം മാനദണ്ഡവും എല്ലാവർക്കും ബാധകമാക്കുമ്ബോള്‍ പിണറായിക്ക് മാത്രം അതില്‍ നിന്ന് എങ്ങനെ മാറിനില്‍ക്കാനാകുമെന്ന ചോദ്യം പാർട്ടിക്കുളളില്‍ ഉയർന്നുവരാനിടയുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്നത് സംബന്ധിച്ച ഭിന്നത ഒഴിവാക്കാൻ ദേശിയ നേതൃത്വവും ആ ദിശയിലുളള നിർദ്ദേശം നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ പരിണിത പ്രജ്ഞരായവരെ മന്ത്രി സ്ഥാനം നല്‍കാതെ മാറ്റിനിർത്തുകയും പുതുമുഖങ്ങളെ മന്ത്രിയാക്കുകയുമാണ് ചെയ്തത്.
എന്നാല്‍ അത് പാർട്ടിഫോറങ്ങളിലോ പരസ്യമായോ ഉന്നയിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ എന്നതാണ് പ്രശ്നം. 86 വയസില്‍ മത്സരിച്ച്‌ മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദൻെറ ചരിത്രം ചൂണ്ടിക്കാട്ടിയാകും പിണറായി അനുകൂലികള്‍ ഈ വാദത്തെ എതിർക്കാൻ പോകുന്നത്.

2026ലെ തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് ചോദ്യചിഹ്നം

മുഖ്യമന്ത്രി മത്സരിക്കാതെ മാറിനിന്നാല്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് സി.പി.എമ്മിനകത്ത് ചോദ്യചിഹ്നമാണ്. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എം. വി. ഗോവിന്ദനാണ് നേതൃശ്രേണിയില്‍ ഇപ്പോള്‍ രണ്ടാമനായുളളത്. തളിപ്പറമ്പില്‍ നിന്ന് ജയിച്ച്‌ എം.എല്‍.എയായ എം. വി ഗോവിന്ദനാണ് സ്വാഭാവികമായും നായക സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ വ്യതിരിക്തമായ ശൈലി കൊണ്ടുവരാനോ മികച്ച നേതാവ് എന്ന് തെളിയിക്കാനോ ഇതുവരെ ഗോവിന്ദന് ആയിട്ടില്ല.

സെക്രട്ടറി സ്ഥാനത്തേക്കുളള ഗോവിന്ദൻെറ വരവിനെ ഏറെ പ്രതീക്ഷയോടെ കണ്ടവർപോലും ഇപ്പോള്‍ അദ്ദേഹത്തെകുറിച്ച്‌ മതിപ്പ് പ്രകടിപ്പിക്കുന്നില്ല. പിണറായിയുടെ നിഴലായി മാറിയെന്നും പാർട്ടി സെക്രട്ടറി എന്ന നിലയില്‍ ധീരമായ തീരുമാനം എടുക്കാനാകാത്തതുമാണ് പാർട്ടിക്കുളളില്‍ എം.വി.ഗോവിന്ദൻെറ ജനപ്രീതി ഇടിച്ചത്. ഇതെല്ലാം നായക സ്ഥാനത്തേക്ക് കടന്നുവരുന്നതിന് എം.വി ഗോവിന്ദന് മുന്നില്‍ തടസങ്ങള്‍ തീർക്കുന്നുണ്ട്. പിണറായിക്ക് പകരം നേതൃസ്ഥാനം ലഭിച്ചാല്‍ തന്നെ മുന്നണിയെ നയിച്ച്‌ ജയത്തില്‍ എത്തിക്കാനാവുമോ എന്നതും സംശയമാണ്.

രണ്ടാം നിര നേതാക്കൾ നായക സ്ഥാനത്തേക്ക് കുതിച്ചെത്താൻ സാധ്യത

ഗോവിന്ദനെ മറികടന്ന് യുവനിര നായക സ്ഥാനത്തേക്ക് കുതിച്ചെത്താനുളള സാധ്യതയും തളളിക്കളയാനാവില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.രാജീവ് , കെ.എൻ.ബാലഗോപാല്‍ എന്നിവർക്കാണ് രണ്ടാം നിരയില്‍ നിന്ന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്

Share
അഭിപ്രായം എഴുതാം