ജറുസലെം : ഹെസ്ബുള്ള നേതാവ് ഹസ്സൻ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേൽ സേന. നാസ്റല്ലയുടെ പിൻഗാമിയായ ഹസ്സൻ ഖലീൽ യാസിനെയും വധിച്ചതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസ്സൻ ഖലീൽ യാസിൻ കൊല്ലപ്പെട്ടതായി പറയുന്നു.
ഹെസ്ബുള്ള കേന്ദ്രങ്ങൾ ഭീതിയിൽ
രക്ഷകരായി വരാമെന്ന് വീമ്പിളക്കിയ ഇറാൻ കൂടി വിറകൊണ്ട് നിൽക്കുന്നതിനാലും തിരിച്ചടിക്കാൻ ശേഷിയില്ലാത്തതിനാലും ഹെസ്ബുള്ള തീവ്രവാദകേന്ദ്രങ്ങൾ ഭീതിയിലാണ്. ഹെസ്ബുള്ളയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ ആരും തയ്യാറല്ലാത്ത സ്ഥിതി കൈവന്നിരിക്കുകയാണ്. അടുത്തത് എന്ത് ആക്രമണമാണ് വരാൻ പോകുന്നത് എന്ന ഭീതിയിലാണ് ഹെസ്ബുള്ള കേന്ദ്രങ്ങൾ. ഹെസ്ബുള്ള നേതാക്കളായി വരുന്നവരെയെല്ലാം വധിച്ചു തള്ളുന്ന തന്ത്രമാണ് ഇസ്രയേൽ സേന പയറ്റുന്നത്.
ഹമാസിനും ഹെസ്ബുള്ളയ്‌ക്കും അനുകൂലമായി പ്രകടനം നടക്കുമ്പോഴും ഇസ്രയേൽ സേന അവരുടെ ദൗത്യത്തിൽ ഉറച്ച് നിന്ന് പോരാടുകയാണ്. വിവിധ ഹെസ്ബുള്ള കേന്ദ്രങ്ങൾ ലാക്കാക്കി ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേൽ സേന. കൃത്യമായ രഹസ്യസേനവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്
ഹെസ്ബുള്ള നേതാവ് നാബിൽ ഖവൂഖിനെയും വധിച്ചതായി യിസ്രയേൽ
മറ്റൊരു ഹെസ്ബുള്ള നേതാവ് നാബിൽ ഖവൂഖിനെയും ഇസ്രയേൽ സേന വധിച്ചതായി പറയുന്നു. നാബിൽ ഖവൂഖിനെ കേന്ദ്രീകരിച്ച് നടത്തിയ വ്യോമാക്രമണം കൃത്യമായ ലക്ഷ്യം കണ്ടതായി ഇസ്രയേൽ സേന പറഞ്ഞു. 1980 മുതൽ ഹെസ്ബുള്ളയുടെ നേതാവാണ് നാബിൽ ഖവൂഖ്.