അങ്കോല: ഷിരൂരിൽ നിന്ന് അർജുൻറെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്നുതന്നെ(26.09.2024) ശേഖരിക്കും. അർജുൻ ഓടിച്ച ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധ ഫലം 26ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. എത്രയും വേഗം നടപടികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം സെപ്തംബർ 25ന് തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർജുൻ്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും.
അർജുൻറെ മൃതദേഹം കണ്ടെത്തിയത് തെരച്ചിലിൻറെ 72ാം ദിനം
അർജുൻ ഓടിച്ചിരുന്ന ലോറി പൂർണമായി കരയിലെത്തിക്കാനുള്ള ശ്രമം സെപ്തംബർ 26ന് രാവിലെ എട്ടിന് ആരംഭിക്കും. 25 ന് ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. തെരച്ചിലിൻറെ 72ാം ദിനത്തിലാണ്.ലോറിയും അർജുൻറെ മൃതദേഹവും കണ്ടെത്തിയത് മൂന്നാംഘട്ട തെരച്ചിലിൽ ആണ് ഈ നിർണായക കണ്ടെത്തലുണ്ടായത്. അർജുൻ്റെ ലോറി .ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്ബിൽ ഭാഗം വിശദമായി പരിശോധിക്കും.
അർജുൻ്റെ ലോറിയുടെ ഭാഗം കണ്ടെത്തിയത് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ
സെപ്തംബർ 25ന് രാവിലെ 10 മണിയോടെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുൻ്റെ ലോറിയുടെ ഭാഗം നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയത്. പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്തുന്നതിൽ നിർണായകമായത്. രാവിലെ മുങ്ങൽ വിദഗ്ധർ പുഴയിൽ പരിശോധന നടത്തിയപ്പോൾ വലിയ വാഹന ഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ അണ്ടർവാട്ടർ കാമറയുടെ സഹായത്തോടെ ചിത്രം പകർത്തി ലോറിയെന്ന് ഉറപ്പുവരുത്തി. വീണ്ടും കൂടുതൽ മുങ്ങൽ വിദഗ്ധർ ഇവിടം പരിശോധിച്ചു. പിന്നാലെയാണ് ലോറി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്.തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു .കരയിൽ നിന്ന് 65 മീറ്റർ അകലെ12 മീറ്റർ ആഴത്തിൽ നിന്നാണ് ലോറി ഉയർത്തിയെടുത്തത്.
കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരും
കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായുള്ള തെരച്ചിലാണ് തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായത് അർജുനടക്കം11 പേരെ
.2024 ജൂലൈ 16ന് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനടക്കം11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചെങ്കിലും അർജുനെയും ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും പുഴയിൽ നിന്നും മണ്ണ് നീക്കാനും സാധിക്കാതെ വന്നതിനാലും തിരച്ചിൽ ദിവസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ആഗസ്ത് പതിനാറിന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് അർജുൻറെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തെരച്ചിലിന് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെയാണ് ഷിരൂരിൽ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തിയത്.