.തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയിലൂടെ നടത്താൻ നിശ്ചയിച്ചിരുന്ന 1079 പദ്ധതികളിൽ 122 എണ്ണം മാത്രമാണ് നൂറു ശതമാനം പൂർത്തിയാക്കിയത്. വെറും 11 ശതമാനം പദ്ധതികൾ മാത്രം. 47 വകുപ്പുകളിൽ 1,079 പദ്ധതികൾക്കായി 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. 2,59,384 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ലക്ഷ്യമിട്ടിരുന്നു. നാലാം നൂറുദിന കാലാവധി അവസാനിക്കാൻ 28 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
ഒരു പദ്ധതി പോലും പൂർത്തിയാക്കാതെ 16 വകുപ്പുകൾ
ആസൂത്രണ സാമ്പത്തികകാര്യം,ഉൾനാടൻ ജലഗതാഗതം, കയർ, ഗതാഗതം, തൊഴിൽ, ദുരന്തനിവാരണം, ധനം, നികുതി, നോർക്ക, ന്യൂനപക്ഷക്ഷേമം, പരിസ്ഥിതി, ഭവനനിർമാണം, വനിതാശിശുവികസനം, ശാസ്ത്ര സാങ്കേതികം, സഹകരണം, ടൂറിസം എന്നീ വകുപ്പുകളാണ് ഒരു പദ്ധതിപോലും പൂർത്തിയാക്കാത്തവർ .
86 പദ്ധതികളിൽ 10 എണ്ണം പൂർത്തിയാക്കി ആഭ്യന്തര വകുപ്പ്
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പിൽ 359.69 കോടിയുടെ ആകെ 86 പദ്ധതികളിൽ 10 എണ്ണമാണ് പൂർത്തിയായത്. ആയുഷ് വകുപ്പിൽ 17 പദ്ധതികളിൽ ഒരെണ്ണം മാത്രം പൂർത്തിയായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പിലാകട്ടെ 815.47 കോടിയുടെ ആകെയുള്ള 92 പദ്ധതികളിൽ 5 എണ്ണമാണ് പൂർത്തിയായിരിക്കുന്നത്. ആസൂത്രണ സാമ്പത്തികകാര്യത്തിൽ 21 പദ്ധതികളിൽ ഒരെണ്ണം പോലും പൂർത്തിയായിട്ടില്ല. ഐടി വകുപ്പിൽ ആയിരം കോടിയുടെ 36 പദ്ധതികളിൽ പൂർത്തിയായത് രണ്ടെണ്ണം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 41 പദ്ധതികൾ ലക്ഷ്യമിട്ടതിൽ ആറെണ്ണമാണ് പൂർത്തിയായത്. ഉൾനാടൻ ജലഗതാഗത വകുപ്പിൽ ആറ് പദ്ധതികളിൽ ഒരെണ്ണം പോലും പൂർത്തിയായില്ല.
നൂറുദിന പ്രഖ്യാപനം കടലാസിൽ ഒതുങ്ങുമെന്ന സൂചന
വയനാട് ദുരന്തം ഉൾപ്പെടെയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതികൾ പൂർത്തിയാകുന്നതിനു തടസ്സമെന്നാണ് സൂചന. 28 ദിവസം മാത്രം ശേഷിക്കെ നൂറുദിന പ്രഖ്യാപനം കടലാസിൽ ഒതുങ്ങുമെന്നാണ് വിഗദ്ധരുടെ വിലയിരുത്തൽ. 73 പദ്ധതികൾ നിശ്ചയിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിൽ 1995.81 കോടിയുടെ പദ്ധതി നടപ്പാക്കേണ്ടതിൽ പൂർത്തിയായത് വെറും രണ്ടെണ്ണമാണ്. പദ്ധതികളുടെ ഭാഗമായ പദ്ധതി ഘടകങ്ങൾ 1938 എണ്ണമുള്ളതിൽ 779 എണ്ണം പൂർത്തിയായിട്ടുണ്ട്. 886 പശ്ചാത്തല വികസന പദ്ധതികളിൽ 95 എണ്ണമാണ് പൂർത്തീകരിച്ചത്. 193 ഉപജീവനമാർഗ പദ്ധതികളിൽ 27 എണ്ണം പൂർത്തിയായി….
.