.
ന്യൂയോര്‍ക്ക് : പ്രവാസികളാണ് രാജ്യത്തിന്റെ മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ രാഷ്ട്രദൂതര്‍ എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു. “നിങ്ങളുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങള്‍ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയില്‍ പാലം പണിതു. നിങ്ങളുടെ കഴിവുകളും അര്‍പ്പണബോധവും സമാനതകളില്ലാത്തതാണ്. നിങ്ങളെ ഏഴു കടലുകളാല്‍ വേര്‍പെടുത്തിയാലും, ഇന്ത്യയില്‍നിന്ന് നിങ്ങളെ അകറ്റാനാകില്ല. നമ്മള്‍ എവിടെ പോയാലും എല്ലാവരെയും കുടുംബമായി കണ്ട് ആശ്ലേഷിക്കും. വൈവിധ്യത്തെ മനസ്സിലാക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നത് നമ്മുടെ രക്തത്തിലുള്ളതാണ്”. അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും ഭവനമാണ് ഭാരതം
സെപ്‌തംബര്‍ 22ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം തുടര്‍ന്നു..വിവിധ ഭാഷകളാല്‍ സമ്പന്നമായ ഒരു രാജ്യത്ത് നിന്നാണ് നമ്മള്‍ വരുന്നത്, ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും ഭവനമാണ് ഭാരതം. നമ്മള്‍ ഐക്യത്തോടെ മുന്നേറുകയാണ്. നിങ്ങളെല്ലാവരും ദൂരദേശങ്ങളില്‍നിന്ന് ഇവിടെ വന്നവരാണ്. നിങ്ങളില്‍ ചിലര്‍ പഴയ മുഖങ്ങളാണ്. ചിലര്‍ പുതിയ മുഖങ്ങളാണ്. ഇവിടെ എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന് ഞാന്‍ നന്ദിയുള്ളവനാണ്.
ജോ ബൈഡന്റെ ഊഷ്‌മളത ശരിക്കും സ്‌പര്‍ശിക്കുന്നതായിരുന്നു
ഞാന്‍ പലതവണ ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഊഷ്‌മളത ശരിക്കും സ്‌പര്‍ശിക്കുന്നതായിരുന്നു.ഈ ബഹുമതി 140 കോടി ഇന്ത്യക്കാര്‍ക്കും ഇവിടെ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. ബൈഡനും നിങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. 2024 ലോകത്തിന് പ്രാധാന്യമുള്ള വര്‍ഷമാണ്. ചില രാജ്യങ്ങള്‍ സംഘര്‍ഷത്തിലും പോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കുമ്പോള്‍ മറ്റു പലരും ജനാധിപത്യത്തെ ആഘോഷിക്കുന്നു. ജനാധിപത്യത്തിന്റെ ഈ ആഘോഷത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ചു നില്‍ക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു