ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്‌ അനുര കുമാര ദിശനായകെ

കൊളംബോ: ശ്രീലങ്കയുടെ ഒന്‍പതാമത്‌ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ്‌ പവര്‍ നേതാവ്‌ 55 കാരനായ അനുര കുമാര ദിശനായകെ ചുമതലയേല്‍ക്കും. ചരിത്രത്തിലാദ്യമായി രണ്ടാംഘട്ട മുന്‍ഗണനാ വോട്ടെണ്ണലിലൂടെയാണ്‌ ദിശനായകെ വിജയമുറപ്പിച്ചത്‌. ആദ്യ റൗണ്ട്‌ വോട്ടെണ്ണലില്‍ത്തന്നെ ദിശനായകെ മുന്നിലെത്തിയിരുന്നെങ്കിലും 50 ശതമാനം വോട്ടുകള്‍ നേടാനാകാഞ്ഞതോടെയാണ്‌ രണ്ടാം റൗണ്ടിലേക്ക്‌ കടന്നത്‌. 2024 സെപ്‌തംബര്‍ 21 ശനിയാഴ്‌ചയായിരുന്നു ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ്‌ നടന്നത്‌. സെപ്‌തംബര്‍ 23 ന്‌ സത്യപ്രതിജ്ഞ നടന്നേക്കും.

നിലവിലെ പ്രസിഡന്റ്‌ റെനില്‍ വിക്രമസിംഗെയ്‌ക്ക്‌ നേടാനായത്‌ 17 ശതമാനം വോട്ടുകള്‍ മാത്രം.

ആദ്യ റൗണ്ടില്‍ 42 ശതമാനം വോട്ടാണ്‌ ദിശനായകെക്ക്‌ ലഭിച്ചത്‌. എതിര്‍സ്‌ഥാനാര്‍ത്ഥി സമാഗി ജന ബലവേഗയയുടെ സജിത്‌ പ്രേമദാസയ്‌ക്ക്‌ 33 ശതമാനം വോട്ട്‌ ല,ഭിച്ചു. രണ്ടാംറൗണ്ടില്‍ ഇവര്‍ തമ്മിലായിരുന്നു മത്സരം. നിലവിലെ പ്രസിഡന്റ്‌ റെനില്‍ വിക്രമസിംഗെയ്‌ക്ക്‌ 17 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. 2019ലാണ്‌ ദിശനായകെ ആദ്യമായി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. അന്ന്‌ മൂന്ന്‌ ശതമാനം വോട്ട്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌. എന്നാല്‍ 22 ജില്ലകളില്‍ 15ലും മുന്നിലെത്തിയാണ്‌ ഇത്തവണത്തെ വിജയം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ അധികാരത്തിലേക്ക്‌

കൊളംബോയില്‍നിന്ന്‌ 100 കിലോമീറ്റര്‍ അകലെ തംബുട്ടെഗാമയിലാണ്‌ ദിശനായകെ ജനിച്ചത്‌. കെലനിയ സര്‍വകലാശാലയില്‍നിന്ന്‌ സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1987ല്‍ ജനത വിമുക്തി പെരമുനയില്‍ (ജെവിപി) അംഗമായി. 2000ത്തില്‍ ആദ്യമായി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തി. 2004ല്‍ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി കാര്‍ഷിക മന്ത്രിയായെങ്കിലും അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ രാജിവച്ചു.

Share
അഭിപ്രായം എഴുതാം