ഗാസയില്‍ വ്യോമാക്രമണം : 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ഗാസ: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പലായനം ചെയ്യപ്പെട്ട പലസ്‌തീനികള്‍ താമസിക്കുകയായിരുന്ന ദക്ഷിണ ഗാസയിലെ സ്‌കൂളിന്‌ നേരെയാണ്‌ റോക്കറ്റ്‌ ആക്രമണം ഉണ്ടായത്‌. ഹമാസിന്റെ കമാന്‍ഡ്‌ സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന്‌ ഇസ്രയേല്‍ സൈന്യം അറിയിച്ചു.നേരത്തെ സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ഹമാസിന്റെ കമാന്‍ഡ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ ഇസ്രയേല്‍ സൈന്യം പറയുന്നത്‌.

കൊല്ലപ്പെട്ടവരില്‍ 13 കുട്ടികളും 6 സ്‌ത്രീകളും.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്‌ത്രീകളുമാണ്‌ എന്ന്‌ ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 13 കുട്ടികളും ആറ്‌ സ്‌ത്രീകളുമാണ്‌ കൊല്ലപ്പെട്ടത്‌. മൈതാനത്ത്‌ കുട്ടികള്‍ കളിക്കുമ്പോഴാണ്‌ റോക്കറ്റ്‌ ആക്രമണം ഉണ്ടായതെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നതെന്നാണ്‌ വിവരം. സിവിലിയന്‍ സൗകര്യങ്ങളാണ്‌ ഹമാസ്‌ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌ എന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇത്‌ ഹമാസ്‌ നിഷേധിച്ചു. ദക്ഷിണ ഗാസയിലെ റഫയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ നാല്‌ ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സംഘട്ടനത്തിന്‌ അടിയന്തര പരിഹാരം ആവശ്യം

2023 ഒക്ടോബര്‍ 7 ന്‌ ഹമാസ്‌ ഇസ്രായേലിനെ ആക്രമിച്ചതോടെയാണ്‌ സംഘര്‍ഷം ആരംഭിച്ചത്‌, ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 ബന്ദികളാകുകയും ചെയ്‌തു. ഗാസയില്‍ ഇസ്രായേലിന്റെ തുടര്‍ന്നുള്ള സൈനിക ഇടപെടല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം 41,000 മരണങ്ങള്‍ക്ക്‌ കാരണമായി. നടന്നുകൊണ്ടിരിക്കുന്ന അക്രമവും ജനസാന്ദ്രതയുള്ള സിവിലിയന്‍ പ്രദേശങ്ങളെ ലക്ഷ്യം വയ്‌ക്കുന്ന തന്ത്രവും ഗുരുതരമായ മാനുഷികവും നിയമപരവുമായ ആശങ്കകള്‍ ഉയര്‍ത്തുന്നു, സംഘട്ടനത്തിന്‌ അടിയന്തര പരിഹാരത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം