വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. ജോ ബൈഡന്റെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. പല നയതന്ത്ര വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി എന്നാണ് സൂചന. സെപ്‌തംബര്‍ 21നായിരുന്നു കൂടിക്കാഴ്‌ച. റഷ്യ- ഉക്രൈന്‍ യുദ്ധമുള്‍പ്പെടെ ചര്‍ച്ചയായെന്നാണ് വിവരം. ക്വാഡ് ഉച്ചകോടിയിലും യുഎന്‍ കോണ്‍ക്ലേവിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തിയത്.
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പരിപാടിയിലും മോദി സംസാരിക്കും.
വില്‍മിംഗ്‌ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കുശേഷം 22ന് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേയ്‌ക്ക് പോകും. അവിടെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.തുടര്‍ന്ന് 23ന് യുഎന്‍ കോണ്‍ക്ലേവിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേയ്‌ക്ക് മടങ്ങും. ഇതിനുപുറമേ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന പരിപാടിയിലും അദ്ദേഹം സംസാരിക്കും.
‘.ക്വാഡ്’ ചതുര്‍രാഷ്ട്ര കൂട്ടായ്‌മ
ഓസ്‌ട്രേലിയ,ജപ്പാന്‍,അമേരിക്ക,ഇന്‍ഡ്യ എന്നീ നാലുരാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്. സ്വതന്ത്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമ്പന്നവുമായ ഇന്തോപസഫിക് മേഖലയാണ് ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ക്വാഡ്’ ചതുര്‍രാഷ്ട്ര കൂട്ടായ്‌മ ആരെയും എതിര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല, നിയമവിധേയമായ ഒരു രാജ്യാന്തര വ്യവസ്‌ഥയ്‌ക്കും പരമാധികാരത്തെ മാനിക്കുന്നതിനുമാണ്. വില്‍മിങ്‌ടനില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന് ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരുമായി മോദി പ്രത്യേകം ചര്‍ച്ചകളും നടത്തും.
അതിനിടെ അമേരിക്കയില്‍ എത്തുന്ന മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ അറിയിച്ചിരുന്നു. അമേരിക്കയില്‍ എത്തിയ മോദി മൂന്ന് ദിവസമാണ് ഇവിടെ തുടരുക.