സിപിഎം നേതാവും എല്‍ഡിഎഫ്‌ മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ്‌ അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ്‌ മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ്‌ (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സെപ്‌തംബര്‍ 21 ശനിയാഴ്‌ച 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിെഎടിയു ദേശീയ വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്‌ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌.

.മൃതദേഹം മെഡിക്കല്‍ കോളേജിന്‌ കൈമാറും

അന്തരിച്ച എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന്‌ കൈമാറും. തിങ്കളാഴ്‌ച രാവിലെ 8 മുതല്‍ 9 വരെ എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിലും 9 മണിമുതല്‍ വൈകിട്ട്‌ 4 മണിവരെ എറണാകുളം ടൗണ്‍ഹാളിലും പൊതു ദര്‍ശനത്തിന്‌ വയ്‌ക്കും. തുടര്‍ന്ന്‌ 4 മണിക്കാണ്‌ മൃതദേഹം മെഡിക്കല്‍ കോളേജിന്‌ കൈമാറുക.

എല്‍ഡി എഫ്‌ കണ്‍വീനര്‍ അനുശോചിച്ചു

ലോറന്‍സിന്റെ മരണത്തില്‍ എല്‍.ഡി എഫ്‌ കണ്‍വീനര്‍ ടി.പി.രാമകൃഷന്‍ അനുശോചനം രേഖപ്പെടുത്തി. കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ സമുന്നത നേതാവായിരുന്നു അദ്ദേഹം എന്ന്‌ ടി.പി.രാമകൃഷ്‌ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം അങ്ങേയറ്റം ദു?ഖകരമാണെന്നും കമ്യൂണിസ്‌റ്റ്‌ തൊഴിലാളി പ്രസ്‌ഥാനങ്ങള്‍ക്ക്‌ നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും രാമകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ കുടുംബം, വിദ്യാഭ്യാസം

1929 ജൂണ്‍ 15ന്‌ എറണാകുളത്ത്‌ മുളവുകാട്‌ മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത്‌ മറിയത്തിന്റെയും മകനായി ജനിച്ചു. സെന്റ്‌ആല്‍ബര്‍ട്ട്‌സ്‌ സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്‌ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്‌റ്റേറ്റ്‌ വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946.ല്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ അംഗമായി. 1980 ല്‍ ഇടുക്കിയില്‍നിന്ന്‌ ലോക്‌സഭാംഗമായിട്ടുണ്ട്‌.

പൊതുജീവിതം

ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്‌റ്റിലായി പൊലീസ്‌ മര്‍ദനമേറ്റു.സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസവും അടിയന്തരാവസ്‌ഥക്കാലത്തടക്കം ആറു വര്‍ഷവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്‌. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കമ്യൂണിസ്‌റ്റ്‌ ആദര്‍ശത്തോട്‌ ശക്തമായ കൂറുപുലര്‍ത്തിയിരുന്ന ലോറന്‍സ്‌ തന്റെ ശരികളോടൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്നു

പാര്‍ട്ടിയില്‍നിന്ന്‌ നടപടി നേരിടുന്നു.

സേവ്‌ സിപിഎം ഫോറം അന്വേഷണ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി പാര്‍ട്ടി നടപടി നേരിട്ട്‌ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തപ്പെട്ടു. എന്നാല്‍ അവിടെ നിന്നു സംസ്‌ഥാന കമ്മിറ്റിയിലേക്കും സി.ഐ.ടി.യു സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കും ലോറന്‍സ്‌ എത്തി. ഭാര്യ പരേതയായ ബേബി. മക്കള്‍: അഡ്വ. എം.എല്‍.സജീവന്‍, സുജാത, അഡ്വ. എം.എല്‍. അബി, ആശ ലോറന്‍സ്‌. .

.

Share
അഭിപ്രായം എഴുതാം