കേജ്രിവാള്‍ ജയില്‍ മോചിതനായി: എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന്‌ കേജ്രിവാള്‍

ദില്ലി : മദ്യനയ അഴിമതി കേസില്‍ തിഹാര്‍ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ ജയില്‍ മോചിതനായി .സിബിഐ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ്‌ ജയില്‍ മോചിതനായത്‌.2024 സെപ്‌തംബര്‍ 13നാണ്‌ അദ്ദേഹത്തിന്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ സുപ്രീം കോടതി ഉത്തരവായത്‌. ഇ.ഡി കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കുന്നതിനുമുമ്പ്‌ സിബിഐ അറസ്റ്റ്‌ രേഖപ്പെടുത്തിയതോടെയാണ്‌ കേജ്രിവാളിന്‌ ജയിലില്‍ തുടരേണ്ടിവന്നത്‌. . വിചാരണ ഉടനെയൊന്നും പൂര്‍ത്തിയാവാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കുകയാണെന്നും രണ്ടംഗബെഞ്ച്‌ വ്യക്തമാക്കി.2024 മാര്‍ച്ച്‌ 21 മുതല്‍ തടവില്‍ കഴിയുന്ന അരവിന്ദ്‌ കേജ്രിവാളിന്‌ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും ഏറ്റെടുക്കാം

ജാമ്യ വ്യവസ്ഥകള്‍

.ജാമ്യം അനുവദിക്കുന്ന വേളയില്‍ പാലിക്കേണ്ട ചില വ്യവസ്ഥകള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്‌,സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്‌, ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാന്‍ പാടില്ല,ചില ഫയലുകള്‍ മാത്രമേ കാണാവൂ, കേസിലെ നിലവിലുളള നടപടികളുമായി ബന്ധപ്പെട്ട്‌ പരസ്യമായ പ്രസ്‌താവനകളോ അഭിപ്രായങ്ങളോ നടത്തരുത്‌,. ഔദ്യോഗികമായി ഇളവനുവദിച്ചില്ലെങ്കില്‍ വിചാരണ കോടതിക്കുമുമ്പാകെയുളള എല്ലാ ഹിയറിംഗുകളിലും ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ്‌ ജാമ്യം അനുവദിച്ചത്‌.

ഭിന്ന വിധികള്‍ പ്രഖ്യാപിച്ച്‌ ജഡ്‌ജിമാര്‍

.ജഡ്‌ജിമാര്‍ ഭിന്ന അഭിപ്രായം രേഖപ്പെടുത്തിയാണ്‌ വിധിപറഞ്ഞത്‌. ജസറ്റീസ്‌ സൂര്യകാന്ത്‌ സിബിഐ അറസ്റ്റിനോട്‌ യോജിച്ചപ്പോള്‍ ജസ്‌റ്റീസ്‌ ഉജ്ജല്‍ ഭുയ്യാന്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കേജ്രിവാളിന്റെ അറസ്റ്റ്‌ നിയമപരമാണെന്നും നടപടി ക്രമങ്ങളില്‍ അപാകതകളില്ലെന്നും സൂര്യകാന്ത്‌ അഭിപ്രായപ്പെട്ടു. കേജ്രിവാളിനെ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 41-ാം വകുപ്പിലെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലിന്‌ പുറത്ത്‌ വന്‍ സ്വീകരണം

തിഹാര്‍ ജയിലിനുപുറത്ത്‌ വന്‍സ്വീകരണം ഒരുക്കിയാണ്‌ ആംആദ്‌മി പ്രവര്‍ത്തകര്‍ കേജ്രിവാളിനെ സ്വീകരിക്കാനെത്തിയത്‌. കരഘോഷത്തോടെ്‌ പ്രവര്‍ത്തകര്‍ കേജ്രിവാളിനെ വരവേറ്റു. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിനുപുറത്തെത്തിയ കേജ്രിവാളിന്റെ ആദ്യപ്രതികരണം.

Share
അഭിപ്രായം എഴുതാം