തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പിലേക്ക്. ഇതിലേക്കായി ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്.(Range onAntimicrobial Resistance-ROAR) എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും
ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും സെപ്തംബര്‍ 11ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, ഡ്രഗ്സ് കണ്ട്രോളര് ഡോ. സുജിത്കുമാര്‍, ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളര് സാജു ജോണ്‍, അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് ഷാജി എം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു
നീലനിറത്തിലുളള 50,000 മാതൃകാ കവറുകള്‍ സര്‍ക്കാര്‍ തയാറാക്കി നല്‍കും
ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതുപോലെ നീല കവറുകള്‍ നല്‍കും. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നിര്‍ദേശങ്ങള്‍
1-ഡോക്ടറുടെ നിര്‍ദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക.
2- ഒരു വ്യക്തിക്കായി ഡോക്ടര്‍ നല്കുന്ന കുറിപ്പടിയില്‍ മറ്റുള്ളവര്‍ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക.
3- ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ പരിസരങ്ങളിലോ ജലാശയങ്ങളിലോ .
വലിച്ചെയറിയരുത്.
4- ആന്റിമൈക്രോബിയല്‍ പ്രതിരോധം എന്ന മഹാവിപത്തിനെ നമുക്ക് ഒന്നിച്ച് നേരിടാം