യുവാവിനെ കൊന്ന് അഴുക്കുചാലിൽ തള്ളി; കന്നഡ സൂപ്പർ സ്റ്റാർ ദർശൻ അറസ്റ്റിൽ

പ്രശസ്‌ത കന്നഡ നടൻ ദർശൻ തൂഗുദീപയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി രാവിലെ കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു അറസ്റ്റ്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ് ഗിരീഷാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

മൈസൂരിലെ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡന് സമീപത്തുള്ള ഒരു സ്വകാര്യ ഹോട്ടലിൽ നിന്നാണ് ദർശനെ പൊലീസ് പിടികൂടിയതെന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്നുപേരുമായി ദർശന് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.രണ്ടുമാസം മുമ്പാണ് ബംഗളൂരു കാമാക്ഷിപാളയത്തിൽ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. ദർശന്റെ അടുത്ത സുഹൃത്തായ നടി പവിത്ര ഗൗഡക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശം അയച്ചതിനാലാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇതിന്റെ ഭാഗമായാണ് പവിത്ര ഗൗഡയുമായി ബന്ധമുള്ള ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തത്.പക തീർക്കാനായി സ്വാമിയുടെ വീട് ഉൾപ്പെടെ കണ്ടെത്തിയ ദർശൻ, അയാളെ തട്ടിക്കൊണ്ടുവരാൻ മൂന്നംഗ സംഘത്തിന് നിർദേശം നൽകി. തുടർന്ന് ദർശന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലേക്ക് എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമാക്ഷിപാളയത്തിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.സ്വാമിയെ കാണാനില്ലെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ സാമ്പത്തിക പ്രശ്നം കാരണം സ്വാമിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് മൂന്നുപേർ സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വസിച്ചില്ല. ഇവരെ ചോദ്യം ചെയ്‌തതിലൂടെയാണ് തുടരന്വേഷണം ദർശനിലേക്ക് എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →