കുടിശ്ശിക തരട്ടെ, എന്നിട്ട് മരുന്ന് തരാം’, പണമില്ലെങ്കിൽ മരുന്നില്ലെന്ന് വിതരണക്കാർ; മെഡിക്കൽ കോളേജിൽ ദുരിതം

കോടികളുടെ കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി.കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടേക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എഴുപത്തഞ്ച് ലക്ഷത്തോളം രൂപയാണ്.ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്ലൂഡിയുകള്‍ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക.കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മരുന്ന് വിതരണം ചെയ്യുന്ന രാജ്യത്തെ തന്നെ ആരോഗ്യ കേന്ദ്രത്തിലൊന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. എണ്ണായിരം രൂപക്ക് കിട്ടേണ്ട ക്യാന്‍സര്‍ മരുന്നുകള്‍ ഇപ്പോള്‍ മുപ്പതിനായിരം രൂപക്ക് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ രോഗികള്‍. മരുന്ന് വിതരണം ഭാഗികമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്.കുടിശ്ശിക കിട്ടാതെ ഇനി വിതരണമില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍.
പേസ് മേക്കര്‍,സ്റ്റന്‍റ് എന്നിവയുടെ വിതരണവും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിര്‍ത്തുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.കുടിശ്ശിക ഈ മാസം 31 നകം തീര്‍ക്കണമെന്നാണ് വിതരണക്കാരുടെ നിലപാട്.നിലവില്‍ യൂറോളജി,നെഫ്രോളജി,ഓര്‍ത്തോ വിഭാഗങ്ങളെ മരുന്ന് വിതരണം നിര്‍ത്തിയത് ബാധിച്ചതായാണ് സൂചന.കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ മരുന്ന് വിതരണക്കാരുടെ സംഘടന കത്ത് നല്‍കിയിരുന്നു.എന്നാല്‍ അതൊന്നും ആരും ഗൗനിച്ചില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് വിതരണക്കാര്‍ എത്തിച്ചേര്‍ന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →