കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് കടുത്ത നിയന്ത്രണം വരുന്നു? ഒരുദിവസം പിൻവലിക്കാവുന്നത് നിശ്ചിത തുക മാത്രം

ജീവനക്കാരുടെ ശമ്പള വിതരണത്തിന് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശമ്പളം ജീവക്കാരുടെ അക്കൗണ്ടിൽ എത്തിയാലും ഓരാേദിവസവും നിശ്ചിത തുക മാത്രം പിൻവലിക്കാവുന്ന രീതിയിൽ പരിധി നിശ്ചിയിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇക്കാര്യത്തിൽ ‌ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി ലഭിക്കേണ്ട 4600 കോടി രൂപ കൂടി കിട്ടിയാൽ തൽക്കാലം പിടിച്ചുനിൽക്കാനാവും എന്നാണ് സർക്കാർ കണക്കുകൂട്ടൽ. പ്രതിസന്ധി ഒഴിവാക്കാനുള്ള വഴി കണ്ടെത്താനായി കേന്ദ്ര ധനമന്ത്രാലവുമായി ഉദ്യോഗസ്ഥ തല ചർച്ചയ്ക്കുള്ള നീക്കവും സർക്കാർ തുടങ്ങിയിട്ടുണ്ട്.
അടിയന്തരമായി 1800 കോടി രൂപ കണ്ടെത്തി ട്രഷറി ഫണ്ട് മാനേജ് ചെയ്താലേ ചീഫ് സെക്രട്ടറി മുതൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർവരെയുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. തിങ്കളാഴ്ചയോടെ അതു സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങളും വായ്പാതിരിച്ചടവും ശമ്പള വിതരണവുമടക്കം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഫണ്ട് മാനേജ്മെന്റ്. അതുക്രമപ്പെടുത്തിയാൽ ശമ്പളം നൽകാം. കഴിഞ്ഞ ദിവസം കേരളത്തിനുള്ള വിഹിതമായി കേന്ദ്രത്തിൽ നിന്നു കിട്ടിയ 4122 കോടിയും ഇത്തരത്തിൽ വിനിയോഗിക്കുകയാണ്. പെൻഷൻ വിതരണം പതിവുപോലെ നടക്കുന്നുണ്ട്. അതിലെ തുക ഏറിയപങ്കും പൂർണമായി പിൻവലിക്കാറില്ല. ഫലത്തിൽ അത് സർക്കാരിന്റെ കൈവശംതന്നെ ഇരിക്കും.അതേസമയം ചരിത്രത്തിൽ ആദ്യമായി മാസത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലും ശമ്പള വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്ന പേരുദോഷം സർക്കാരിനെ വേട്ടയാടുകയാണ്. രേഖകളിലെ കണക്കു പ്രകാരം ട്രഷറി അക്കൗണ്ടുകളിലേക്ക് ജീവനക്കാരുടെ ശമ്പളം വരവുവച്ചെങ്കിലും പണം അതിലേക്ക് മാറ്റിയിട്ടില്ല.സാങ്കേതികകാരണങ്ങളാലാണ് ശമ്പളം പിൻവലിക്കാൻ ആകാത്തതെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രതികരണം. ഈമാസം കിട്ടേണ്ട 13600കോടി കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.

Share
അഭിപ്രായം എഴുതാം