തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നല്‍കി മാത്യു കുഴല്‍നാടൻ എം.എല്‍.എ.
മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രേഖകള്‍ സഹിതമാണ് വിജിലൻസിന് പരാതി സമർപ്പിച്ചിരിക്കുന്നത്.
വീണാ വിജയനെയും അവരുടെ കമ്ബനിയെയും സി.എം.ആർ.എല്ലില്‍ നിന്ന് പണം സ്വീകരിക്കാനായി പിണറായി വിജയൻ ഉപയോഗിച്ചെന്നും അതിനായി മുഖ്യമന്ത്രി പദവി ദുരുപയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സി.എം.ആർ.എല്‍ കമ്ബനിക്ക് മുഖ്യമന്ത്രി ചെയ്തുകൊടുത്ത വഴിവിട്ട കാര്യങ്ങള്‍, സി.എം.ആർ.എല്ലിന്റെ അക്കൗണ്ടില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് തുടർച്ചയായി പണം എത്തിയ സംഭവം, വീണയുടെ കമ്ബനി സി.എം.ആർ.എല്‍ കമ്ബനിക്ക് ചെയ്തുകൊടുത്ത സേവനങ്ങള്‍ എന്നിവയും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്.
വീണാ വിജയൻ കമ്ബനിയുടെ ഭാഗമായതിനുശേഷം കെ.ആർ.ഇ.എം.എല്‍ കേരള ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും അനധികൃതമായി സ്വന്തമാക്കിയ അവരുടെ ഭൂമി സംരക്ഷിക്കാനുമായി കേരള സർക്കാരിനെ സമീപിക്കുകയായിരുന്നു. റവന്യൂവകുപ്പ് തള്ളികളഞ്ഞ കമ്ബിനിയുടെ അപേക്ഷ മുഖ്യമന്ത്രി വീണ്ടും പരിഗണിക്കുകയും അനുകൂലമായ നടപടി സ്വീകരിക്കാൻ വ്യവസായ വകുപ്പിലെ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നിർദേശം നല്‍കുകയുമായിരുന്നു. മുഖ്യമന്ത്രിയും സർക്കാരും കമ്ബനിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയും സാമ്ബത്തിക ലാഭത്തിനായി വീണാ വിജയൻ സിഎംആർഎല്ലുമായുള്ള സഹകരണം തുടരുകയും ചെയ്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമാക്കി ചുരുക്കിയ കേന്ദ്ര ഉത്തരവ് വന്നിട്ടും സി.എം.ആർ.എല്ലുമായുള്ള കരാർ റദ്ദാക്കാൻ വൈകിയത്, തോട്ടപ്പള്ളിയിലെ മണ്ണെടുപ്പ്, കെ.സ്.ഐ.ഡി.സിയും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാട് എന്നിവയെല്ലാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.